പാലക്കാട് : കറുകപ്പുത്തൂരില്‍ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ തൃത്താല പോലീസ് ഗുരുര വീഴ്ചവരുത്തിയതായി ആരോപണം. പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രതികള്‍ പിടിയിലായിരുന്നു. എന്നാല്‍ കേസെടുക്കാതെ ഇവരെ വിട്ടയക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ അഭിലാഷിന്റെ ബന്ധുവിന്റെ സ്വാധീനത്തെ തുടര്‍ന്നാണ് നടപടിയെടുക്കാതിരുന്നതെന്നാണ് ആരോപണം. സംഘം ഹോട്ടലില്‍ ഉണ്ടായിരുന്ന സമയം തൃത്താല പോലീസ് എത്തിയെന്ന വിവരം ഹോട്ടലുടമയും സ്ഥിരീകരിച്ചു.
പ്രധാന പ്രതി അഭിലാഷിന്റെ ഭീഷണിക്ക് വഴങ്ങി ഏറ്റവുമൊടുവില്‍ പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത് കഴിഞ്ഞ മാസം നാലിനാണ്. തൃശൂരിലെ പെണ്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഭിലാഷിനൊപ്പം പോയത്. എന്നാല്‍ എട്ടാം തിയതി വരെ പട്ടാമ്പിയിലെ ആര്യ ഹോട്ടലില്‍ മുറിയില്‍ അഭിലാഷും പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ മുറിയില്‍ ലഹരി പാര്‍ട്ടി നടന്നിരുന്നു. പട്ടാമ്പി മേഖലയിലെ അഭിലാഷിന്റെ ഒന്‍പത് സുഹൃത്തുക്കളും മയക്കുമരുന്ന് ഉപയോഗിച്ചുള്ള പാര്‍ട്ടിയുടെ ഭാഗമായി. ഈ ഘട്ടത്തിലെല്ലാം മയക്കുമരുന്ന് നല്‍കി കുട്ടിയെ അഭിലാഷ് പീഡിപ്പിച്ചു.
ഇതിനിടെ ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി. എന്നാല്‍ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചിട്ടും കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയും അഭിലാഷുമടക്കമുള്ളവരെയും വിട്ടയക്കുകയാണ് പോലീസ് ചെയ്തത്. അഭിലാഷിന്റെ ബന്ധുവായ ജെപി എന്ന ജയപ്രകാശിന്റെ സ്വാധീനം മൂലമാണ് എല്ലാവരെയും വിട്ടയച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും പറയുന്നുണ്ട്.