പന്തളം : പക്ഷാഘാതം ബാധിച്ച് കിടപ്പിലായ രോഗികളെ നിരീക്ഷിക്കുന്നതിനുള്ള ലോട്ട് ഡിവൈസ് സംവിധാനം തയ്യാറാക്കി അവതരിപ്പിച്ച് തിമോത്തി സഖറിയ ഷിബു. തുമ്പമൺ എം.ജി. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ തിമോത്തി കൊച്ചിയിൽനടന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാംപിലാണ് ജില്ലയെ പ്രതിനിധീകരിച്ച് ഉപകരണം തയ്യാറാക്കി അവതരിപ്പിച്ചത്. ശരീരം തളർന്നുകിടക്കുന്ന രോഗികളുടെ ഹൃദയസ്പന്ദനം ഈ യന്ത്രത്തിന്റെ സഹായത്തോടെ ഡോക്ടർമാരുടെ ഫോണിൽ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്പന്ദന വ്യതിയാനങ്ങൾക്കനുസരിച്ച് യന്ത്രത്തിലെ മോട്ടോർ ചലിക്കുകയും ലൈറ്റ് തെളിയുകയുംചെയ്യും. ഡോക്ടർക്ക് രോഗികളുടെ അപ്പോഴുള്ള ഹൃദയവ്യതിയാനം അറിയാനാകും.
രോഗികൾക്ക് അത്യാവശ്യഘട്ടത്തിൽ സഹായികളെ വിളിക്കുന്നതിനായി ശബ്ദംകൊണ്ട് ബെൽ പ്രവർത്തിപ്പിക്കാനും തങ്ങളുടെ ശബ്ദത്താൽ മുറിയിലെ കാര്യങ്ങൾ നിയന്ത്രിക്കാനും കഴിയും. മുറിയിലെ ലൈറ്റ് തെളിക്കുക, കട്ടിൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഉപകരണം വഴി സാധിക്കുമെന്ന് വിദ്യാർഥി പറയുന്നു. ക്യാമ്പിലെത്തിയ മന്ത്രി വി.ശിവൻകുട്ടിയ്ക്ക് തിമോത്തി യന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിച്ചുകൊടുത്തു. തുമ്പമൺ മേരി കോട്ടേജിൽ ഷിബു കെ.എബ്രഹാമിന്റെയും അൻസു സഖറിയയുടെയും മകനാണ് തിമോത്തി.