പാലക്കാട് : അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന കേസില്‍ പ്രതികളെ പിടികൂടാന്‍ തണ്ടര്‍ബോള്‍ട്ടും രംഗത്ത്. പ്രതികള്‍ വനത്തിനുള്ളില്‍ ആണെന്ന് സൂചന ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് തിരച്ചിലിനായി തണ്ടര്‍ബോള്‍ട്ടിന്റെ സഹായം തേടിയത്. മൂന്ന് പ്രതികളെ കൂടിയാണ് ഇനി പിടികൂടാനുള്ളത്. കേസില്‍ ഇതുവരെ ആറുപേര്‍ അറസ്‌റ്റിലായിട്ടുണ്ട്.
വിപിന്‍ പ്രസാദ് (സുരേഷ് ബാബു), ചെര്‍പ്പുളശേരി സ്വദേശി നാഫി (24) എന്ന ഹസന്‍, മാരി (23) എന്ന കാളി മുത്തു, രാജീവ് ഭൂതിവഴി (22) എന്ന രംഗനാഥന്‍, അഷറഫ്, സുനില്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് മരിച്ചത്.
നന്ദകിഷോറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തും കണ്ണൂര്‍ സ്വദേശിയുമായ വിനായകന്‍ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.
എന്നാല്‍ നിശ്‌ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. ഇതാണ് തര്‍ക്കത്തിന് കാരണമെന്ന് പോലീസ് പറയുന്നത്. നന്ദകിഷോര്‍ കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ അടി മൂലമെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. നന്ദകിഷോറിന്റെ ശരീരമാകെ മര്‍ദ്ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.