ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണം ടിക്കറ്റ് റദ്ദാക്കിയ എല്ലാ യാത്രക്കാര്‍ക്കും 2021 ജനുവരി 31 നകം പണം തിരികെ നല്‍കുമെന്ന് ബജറ്റ് വിമാന കമ്പിനിയായ ഇന്‍ഡിഗോ. 100 ശതമാനം ക്രെഡിറ്റ് ഷെല്‍ പേയ്മെന്‍റുകളും വിതരണം ചെയ്യുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്‍ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോനോ ജോയ് ദത്ത അറിയിച്ചതായി വാര്‍ത്ത ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനകം തന്നെ 1,000 കോടി രൂപയുടെ റീഫണ്ടുകള്‍ പ്രോസസ്സ് ചെയ്തതായി ഇന്‍ഡിഗോ പറഞ്ഞു. ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ട മൊത്തം തുകയുടെ ഏകദേശം 90 ശതമാനത്തോളം വരും. മാര്‍ച്ച് 25 ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രാജ്യത്ത് ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ നിരോധിക്കാന്‍ കാരണമായി.
ലോക്ക്ഡൗണ്‍ സമയത്ത് ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യുന്നതിനുപകരം വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചപ്പോള്‍ ഈ തുക ക്രെഡിറ്റ് ഷെല്ലില്‍ സൂക്ഷിക്കുന്ന പദ്ധതി എയര്‍ലൈന്‍സ് ആരംഭിച്ചിരുന്നു. യാത്രക്കാര്‍ക്ക് ഈ ക്രെഡിറ്റ് ഷെല്ലുകള്‍ ഉപയോഗിച്ച് പിന്നീടുള്ള തീയതിയില്‍ ബുക്ക് ചെയ്യാന്‍ കഴിയും. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ ഇതിന് ബാധകമായിരുന്നു.
എന്നാല്‍ 2021 മാര്‍ച്ചോടെ യാത്രക്കാര്‍ക്ക് മുഴുവന്‍ റീഫണ്ടുകളും പൂര്‍ണമായി തിരിച്ചു നല്‍കണമെന്ന് സുപ്രീംകോടതി ഒക്ടോബറില്‍ ഉത്തരവിട്ടു. മാര്‍ച്ച് 25 മുതല്‍ മെയ് 24 വരെയുള്ള കൊവിഡ് -19 ലോക്ക്ഡൗണ്‍ കാലയളവിലെ റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ റീഫണ്ട് നല്‍കാനാണ് സുപ്രീം കോടതി വിമാനക്കമ്പിനികളോട് നിര്‍ദ്ദേശിച്ചത്. ഈ കാലയളവില്‍ ആഭ്യന്തര, അന്തര്‍ദേശീയ ടിക്കറ്റുകള്‍ക്കായി നടത്തിയ ബുക്കിംഗിന് സുപ്രീംകോടതിയുടെ ഉത്തരവ് ബാധകമാണ്.
കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 ന് ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര യാത്രാ സര്‍വീസുകള്‍ പുനരാരംഭിച്ചു. കൊറോണ വൈറസ് മൂലം മാര്‍ച്ച് 23 മുതല്‍ രാജ്യത്ത് നിര്‍ത്തിവെച്ച അന്താരാഷ്ട്ര പാസഞ്ചര്‍ വിമാന സേവനം ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല.