പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ കുമ്പഴ – നെടുമാനാല്‍ ഭാഗത്ത് രണ്ടിടത്ത് പുലിയുടെ സാന്നിധ്യം കണ്ടെങ്കിലും തികഞ്ഞ നിസ്സംഗതയോടെ വനപാലകര്‍. കഴിഞ്ഞദിവസം രാത്രി രണ്ടുമണിക്ക് പുലിയെ കണ്ടുവെന്ന് ഒരുവീട്ടിലെ മൂന്നുപേര്‍ ഉറപ്പിച്ചു പറഞ്ഞെങ്കിലും ഫോട്ടോ ഇല്ലല്ലോ എന്ന മുടന്തന്‍ ന്യായമാണ് അധികൃതര്‍ പറഞ്ഞത്. രാത്രി പെയ്ത ശക്തമായ മഴയില്‍ കാല്‍പ്പാടുകള്‍ മാഞ്ഞുപോയെന്നു പറഞ്ഞതും വനപാലകര്‍ക്ക് സ്വീകാര്യമായില്ല. ഇനിയും പുലിവന്നാല്‍ തങ്ങളെ വിളിക്കണം എന്നുപറഞ്ഞ് ഫോണ്‍ നമ്പരും നല്‍കി അവര്‍ തടിതപ്പി.
എന്നാല്‍ തൊട്ടടുത്ത ദിവസമായ ഇന്ന് ആദ്യം പുലിയെ കണ്ടുവെന്ന് പറഞ്ഞ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ മാറി റോഡിന്റെ മറുവശത്തുള്ള തുണ്ടുമണ്‍കര ഭാഗത്ത് പുലിയുടെ വ്യക്തമായ കാല്‍പ്പാടുകള്‍ കണ്ടെത്തി. തുണ്ടുമൺകര കോട്ടപ്പാറ മുരുപ്പിന്റെ അടിവാരത്ത് കുഴിപ്പറമ്പിൽ പ്രസന്ന അനിലിന്റെ വീടിനു സമീപമുള്ള പറമ്പിലാണ് പുലിയുടേത് പോലുള്ള കാല്‍പ്പാടുകള്‍ കണ്ടത്. ഇവിടെയും വനപാലകര്‍ എത്തി പരിശോധന നടത്തിയെങ്കിലും ഇത് പുലിയാണെന്ന് തുറന്നു സമ്മതിക്കുവാന്‍ അവര്‍ തയ്യാറായില്ല. കാല്‍പ്പാദം അളന്നപ്പോള്‍ ഒരു സെന്റിമീറ്റര്‍ കുറവാണെന്നും അതിനാല്‍ അത് പുലിയല്ലെന്നും അവര്‍ വ്യക്തമാക്കി. ചെളിയില്‍ ആഴത്തില്‍ നഖം ഉള്‍പ്പെടെ പതിഞ്ഞത് കാട്ടി ഇത് പുലിയുടെ അല്ലെങ്കില്‍ പിന്നെ ഏതു മൃഗത്തിന്റെയെന്നു നാട്ടുകാര്‍ ചോദിച്ചതിന് വനപാലകര്‍ക്ക് ഉത്തരമില്ലായിരുന്നു. നാട്ടുകാര്‍ ഭീതിയില്‍ കഴിയുമ്പോഴും ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണമോ പരിശോധനായോ നടത്താന്‍ വനപാലകര്‍ തയ്യാറാകുന്നില്ല.
വന്യമൃഗങ്ങള്‍ക്ക് ഒളിച്ചിരിക്കുവാന്‍ യഥേഷ്ടം സൗകര്യം ഇവിടെയുണ്ട്. കുമ്പഴ കളീക്കല്‍ പടിയില്‍ സ്വകാര്യ വ്യക്തികളുടെ പാടം കാടുകയറി കിടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. ഇവിടെ നിന്നും പെരുമ്പാമ്പിനെയും പിടിച്ചിട്ടുണ്ട്. റോഡിനോട് ചേര്‍ന്ന് വനം രൂപപ്പെട്ട് കിടന്നിട്ടും അത് വെട്ടിത്തെളിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. മുമ്പ് നെല്ല് വിതച്ചുകൊണ്ടിരുന്ന പാടമായിരുന്നു ഇത്. തരിശുഭൂമിയില്‍ കൃഷി ചെയ്യുവാനുള്ള പുതിയ പദ്ധതി വന്നെങ്കിലും ഇവിടേയ്ക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. കൃഷിക്കുവേണ്ടി ഈ പാടം ഉപയോഗിച്ചാല്‍ ഇവിടുത്തെ കാടുകള്‍ നീങ്ങുകയും ചെയ്യും.