വയനാട് : വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. പനമരം-ബീനാച്ചി റോഡില്‍ യാത്രക്കാര്‍ കടുവയെ നേരില്‍ക്കണ്ടു.
രാത്രി വാളവയലിലേക്ക് പോയ കാര്‍ യാത്രികരാണ് കടുവയെ കണ്ടത്. നേരത്തെയും സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ മേഖലകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് കടുവയുടെ സാന്നിധ്യമുള്ള മേഖലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ കടുവയെ കണ്ട പനമരം-ബീനാച്ചി റോഡിലും ക്യാമറ സ്ഥാപിക്കും. ഇതിന് മുന്നോടിയായി വനംവകുപ്പ് സംഘം ഈ മേഖലയില്‍ പരിശോധനകള്‍ക്കായി എത്തിയിട്ടുണ്ട്.
ക്യാമറ മാത്രമല്ല കടുവയെ കുടുക്കാനുള്ള കൂടും ഇവിടെ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനവാസ മേഖലയില്‍ കടുവയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ജനവാസ മേഖലകളിലെത്തുന്ന കടുവകളെ കൂട് സ്ഥാപിച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭ പ്രമേയം പാസാക്കിയിരുന്നു.