കൊച്ചി: പുലിപ്പല്ലുമായി റാപ്പർ വേടനെ (ഹിരൺദാസ് മുരളി) അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വനംവകുപ്പ് പ്രതിരോധത്തിൽ. പോലീസ് പരിശോധനയിലാണ് വേടൻ പിടിയിലായതെങ്കിലും പുലിപ്പല്ലുമായി ബന്ധപ്പെട്ട് കേസെടുത്ത് അറസ്റ്റ് ചെയ്തത് വനംവകുപ്പാണ്. കേസെടുക്കുന്നതിൽ തിടുക്കം കൂടിയെന്ന പരാമർശം തുടക്കംമുതലേ വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. എന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നിയമാനുസൃതമെന്ന് വനംവകുപ്പ് മേധാവി മന്ത്രിക്ക് റിപ്പോർട്ട് നൽകിയതോടെ ആ പ്രശ്‌നങ്ങളൊന്നൊതുങ്ങി. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്കു മുൻപിൽ നടത്തിയ ചില പരാമർശങ്ങൾ അതിരുവിട്ടുവെന്ന വിഷയത്തിൽ നടപടിക്ക് സാധ്യതയുണ്ട്.
ഈ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലും വനംവകുപ്പ് മേധാവി സൂചിപ്പിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം അംഗീകരിക്കത്തക്കതല്ലെന്നും സർക്കാരിന്റെ അനുമതി കൂടാതെ ഇത്തരത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്തുന്നത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും നേരത്തേ വനം മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ആർ. അതീഷ് ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടിയതായാണ് വിവരം. പോലീസ് പരിശോധനയിലാണ് ഒൻപത് ഗ്രാം കഞ്ചാവുമായി വേടൻ പിടിയിലാകുന്നത്. പരിശോധനയിൽ പുലിപ്പല്ല് കണ്ടെത്തുകയും വനംവകുപ്പിന്റെ കൊച്ചിയിലെ ഫ്‌ലയിങ് സ്‌ക്വാഡിനെ പോലീസ് വിവരമറിയിക്കുകയുമായിരുന്നു.
ഫ്‌ലയിങ് സ്‌ക്വാഡ് പരിശോധനയിൽ കഴുത്തിലണിഞ്ഞത് പുലിപ്പല്ലാണെന്ന് വ്യക്തമായി. വേടൻ ഇക്കാര്യം സമ്മതിക്കുകയും ചെയ്തതോടെ ഇവർ കോടനാട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവരെത്തി ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വനംവകുപ്പ് വിജിലൻസ് ഉദ്യോഗസ്ഥരുമെത്തിയിരുന്നു. നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികൾ മാത്രമാണെടുത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്നു. വേടന്റെ പക്കൽനിന്ന് കണ്ടെത്തിയ പുലിപ്പല്ല് വിശദ പരിശോധനയ്ക്ക് ലാബിലേക്ക് അയക്കും. ഇതിനുള്ള നടപടികൾ കോടതിയാണ് സ്വീകരിക്കുന്നത്.