ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് ഇന്ന് നിലവിലുള്ള ഏറ്റവും ആധികാരികമായ സർക്കാർ രേഖയാണ് ആധാർ. ഏത് സേവനത്തിനും തിരിച്ചറിയൽ ആവശ്യങ്ങൾക്കായി ആദ്യം പരിഗണിക്കുന്നത് ആധാർ കാർഡ് ആണ്. എന്നാൽ പലവിധ കാരണങ്ങളാൽ നിരവധി പേരുടെ ആധാർ കാർഡുകളിൽ പല തെറ്റായ വിവരങ്ങളും കടന്നുകൂടിയിരിക്കുന്നു. ഈ നിർദിഷ്ട തീയതിക്ക് ശേഷം നടത്തുന്ന ആധാർ വിവരങ്ങളുടെ പുതുക്കലിന് നിശ്ചിത തുക ഫീസ് ഇനത്തിൽ നൽകേണ്ടിവരും. ഇത് ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർ സെപ്റ്റംബർ 14 ന് അകം വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. നിശ്ചിത തീയതി കഴിഞ്ഞും ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള അവസരം സർക്കാർ നീട്ടി നൽകുമോ എന്ന് പറയാറായിട്ടില്ല. നേരത്തെ ജൂൺ 14വരെയായിരുന്നു ആധാർ വിവരങ്ങൾ തിരുത്താൻ സമയം അനുവദിച്ചത്. പിന്നീട് അത് മൂന്ന് മാസത്തേക്ക് കൂടി ദീർഘി പ്പിക്കുക യായിരുന്നു. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി ഉപയോക്താക്കൾക്ക് സൗജന്യമായി നേരിട്ട് രേഖകൾ പുതുക്കാം. എന്നാൽ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് വിവരങ്ങൾ പുതുക്കുന്നത് എങ്കിൽ 50 രൂപ ഫീസ് നൽകേണ്ടിവരും.
പേര്, വിലാസം, ജനനത്തീയതി, പുരുഷൻ/ സ്ത്രീ ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയാണ് യാതൊരു ഫീസും നൽകാതെ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുക. ആധാർ കാർഡിലെ ഫോട്ടോ, ബയോമെട്രിക് വിശദാംശങ്ങൾ എന്നിവയാണ് അപ്ഡേറ്റ് ചെയ്യേണ്ടത് എങ്കിൽ നേരിട്ട് ആധാർ എൻറോൾമെന്റ് കേന്ദ്രത്തിൽ എത്തി ആവശ്യമായ ഫീസ് അടയ്ക്കേണ്ടതുണ്ട്. കാരണം ബയോമെട്രിക് അപ്‌ഡേറ്റുകൾ ചെയ്യുമ്പോൾ തട്ടിപ്പ് നടക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. കൂടാതെ ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് വിരലടയാളം, ഐറിസ്, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവയുടെ സ്കാനിംഗ് ആവശ്യമാണ്. ആധാർ എൻറോൾമെന്റ് സെന്ററുകളിൽ ലഭ്യമായ ബയോമെട്രിക് സ്കാനിംഗ് മെഷീനുകൾ ഉപയോഗിച്ച് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. ആധാർ ഡാറ്റാബേസിലെ ഡാറ്റ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാൻ ഓരോ 10 വർഷത്തിനിടയിലും ആധാർ വിവരങ്ങൾ പുതുക്കണം എന്നാണ് സർക്കാർ നിർദേശം.
കൂടാതെ കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കുട്ടിക്ക് 15 വയസ്സ് തികയുമ്പോൾ എല്ലാ ബയോമെട്രിക്സും അപ്ഡേറ്റുകൾക്കായി നൽകണം. ആധാറിൽ പലർക്കും തിരുത്താനുണ്ടാവുക വീടിന്റെ വിലാസം ആയിരിക്കും. കാരണം മുൻപ് താമസിച്ചിരുന്നിടത്തുനിന്ന് മാറിത്താമസിക്കുന്നവർ ഏറെയാണ്. കൂടാതെ വിവാഹത്തോടെ പലരുടെയും വിലാസം മാറുന്നു. ആധാർ കാർഡിൽ വീടിന്റെ അഡ്രസ് ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്ന് നോക്കാം. അതിന് ആധാറുമായി ലിങ്ക് ചെയ്ത ഒരു രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.
വീടിന്റെ വിലാസം തിരുത്താൻ ആദ്യം യുഐഡിഎഐ വെബ്‌സൈറ്റിലേക്ക് ( https://myaadhaar.uidai.gov.in/) പോകുക. തുടർന്ന് ആധാർ അപ്ഡേറ്റ് ടാബിൽ ക്ലിക്ക് ചെയ്യുക. ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. ശേഷം ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് അഡ്രസ് ഓപ്ഷൻ തിരഞ്ഞെടുക്കുക. എന്നിട്ട് പുതിയ വിലാസവും അനുബന്ധ രേഖകളും നൽകുക. അതിനു ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഈ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഈ നമ്പർ നൽകി “വെരിഫൈ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ വിലാസം അപ്‌ഡേറ്റ് അഭ്യർത്ഥന പ്രോസസ്സ് ചെയ്യുകയും സ്റ്റാറ്റസ് എസ്എംഎസിലൂടെ അറിയിക്കുകയും ചെയ്യും.