റാന്നി: മടന്തമണ്ണിനു സമീപം പാറക്കല്ലുമായെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറി പൂര്‍ണ്ണമായും തകര്‍ന്നു.
ഇന്ന് രാവിലെ എട്ടുമണിയോടെ ചെമ്പനോലി-മടന്തമണ്‍ ഇറക്കത്തിലാണ് അപകടം നടന്നത്. മുന്‍പ് പലതവണ അപകടം നടന്ന സ്ഥലത്തു തന്നെയാണ് ഇന്ന് വീണ്ടും അപകടം ഉണ്ടായത്. ചെമ്പന്‍മുടി മലയിലെ പാറമടകളില്‍ നിന്നും പാറയുമായെത്തുന്ന ടിപ്പര്‍ ലോറികള്‍ ഈ ഭാഗത്ത് അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മടന്തമണ്ണിലെ അംഗന്‍വാടി കെട്ടിടത്തിലേക്ക് കൂറ്റന്‍ ടോറസ് ലോറി ഇടിച്ചു കയറിയിരുന്നു. കൂത്താട്ടുകുളം അത്തിക്കയം റോഡ് ഉന്നത നിലവാരത്തിലാക്കിയതിന് ശേഷം ഇവിടെ അപകട പരമ്പര തന്നെയാണ് ഉണ്ടാകുന്നത്.
രണ്ടു ദിവസം മുമ്പ് ഈ റൂട്ടില്‍ തന്നെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളും നിറഞ്ഞ വഴിയെപ്പറ്റി വ്യക്തമായി അറിയാത്ത പുറം നാടുകളില്‍ നിന്നെത്തുന്ന വാഹനങ്ങളാണ് ഇവിടെ കൂടുതലും അപകടത്തില്‍ പെടുന്നത്. റോഡ് ഉന്നത നിലവാരത്തിലാക്കിയ ശേഷം നടന്ന അപകടത്തില്‍ മരണവും ഉണ്ടായിട്ടുണ്ട്. സ്ഥിരം അപകടം നടക്കുന്ന വളവു നിവര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.