അടൂര്‍ : ഇളമണ്ണൂര്‍ – കിന്‍ഫ്ര റോഡില്‍ ടിപ്പര്‍ ലോറിക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ടിപ്പര്‍ ലോറി ഡ്രൈവര്‍ ജനവാസ മേഖലയില്‍ ആള്‍തിരക്ക് കുറഞ്ഞ ഭാഗത്ത് വാഹനം നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനത്തില്‍ ഉണ്ടാകേണ്ടിയിരുന്ന പ്രവര്‍ത്തനക്ഷമമായ അഗ്നിശമന സംവിധാനം ഇല്ലാതിരുന്നതാണ് ആരംഭഘട്ടത്തില്‍ തീ അണയ്ക്കാന്‍ സാധിക്കാതെ വന്നതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. ലോറിയുടെ കാബിന്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കിന്‍ഫ്ര പാര്‍ക്കിലെ ടാര്‍ മിക്സിംഗ് പ്ലാന്റില്‍ നിന്നും റോഡ് ടാര്‍ ചെയ്യുവാനുള്ള മിശ്രിതവുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ ഹൈഡ്രോളിക് ഓയില്‍ ലീക്ക് ചെയ്തതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇറക്കം ഇറങ്ങി വന്ന ലോറിക്ക് തീപിടിച്ചത് അറിഞ്ഞ ഡ്രൈവര്‍ നിരപ്പായ സ്ഥലത്ത് ലോറി എത്തിച്ച് ചാടിയിറങ്ങുകയായിരുന്നു. ഡ്രൈവര്‍ക്ക് പരിക്കില്ല.
പിന്നാലെയെത്തിയ പിക്കപ്പ് വാനും ഇരുചക്ര വാഹനങ്ങളും സമീപത്തെ അഴുക്ക് ചാലിലേക്ക് തെന്നിമാറി. ലോറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവറും സഹായിയും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ലോറിയുടെ ഹൈഡ്രോളിക് ഓയില്‍ ടാങ്ക് പൊട്ടി ചോര്‍ച്ചയുണ്ടായി. ടാര്‍ മിശ്രിതത്തിന്‍റെ ചൂട് കാരണം ഓയിലിന് തീപിടിച്ചു. ഇതോടെ ഡീസല്‍ ടാങ്കിന്‍റെ അടപ്പ് ഊരി തെറിക്കുകയും തീ ആളിപടരുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അടൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.