പീരുമേട് : റാണിമുടി ഹൈറേഞ്ച് മെറ്റല്‍ ക്രഷറില്‍ (HIGHRANGE METAL CRUSHER) ടിപ്പര്‍ ലോറിക്കാരും മാനേജ്മെന്റ്മായി തര്‍ക്കം. രാജി മാത്യു ആന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ മെറ്റല്‍ ക്രഷര്‍. കഴിഞ്ഞ ആറുമാസമായി ഇവിടെ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. മെറ്റലിനും മറ്റ് പാറയുല്‍പ്പന്നങ്ങള്‍ക്കും അടിക്കടി വില വര്‍ദ്ധിപ്പിക്കുന്നതായിരുന്നു പ്രധാന തര്‍ക്കം. ആഴ്ചയില്‍ ആറു ദിവസവും പ്രവര്‍ത്തിക്കുന്ന ക്രഷറില്‍ പുറത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് ആഴ്ചയില്‍ നാലുദിവസം മാത്രമേ ഇവിടെനിന്നും പാറ ഉല്‍പ്പന്നങ്ങള്‍ നല്‍കിയിരുന്നുള്ളൂ. അതും വളരെ പരിമിതമായ നിലയില്‍. മറ്റുള്ള രണ്ടുദിവസം രാജി മാത്യു ആന്റ് കമ്പനിയുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്.
ഇനിമുതല്‍ ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് ഇവിടെനിന്നും ഉല്‍പ്പന്നങ്ങള്‍ നല്‍കൂ എന്ന മാനേജ്മെന്റിന്റെ കടുത്ത തീരുമാനമാണ് ഇപ്പോള്‍ തര്‍ക്കത്തിനും സമരത്തിനും കാരണമായത്. ഇന്നലെ മുതല്‍ ആരംഭിച്ച പ്രതിഷേധസമരം ഇന്ന് കൂടുതല്‍ ശക്തമായി. അറുപതോളം വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ സമരത്തില്‍ പങ്കെടുത്ത രണ്ടു ഡ്രൈവര്‍മാരെ പിക്കപ്പ് വാനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും സമരക്കാര്‍ പറഞ്ഞു. സാരമായി പരിക്കേറ്റ റാണിമുടി സ്വദേശികളായ ഷിജോ, സ്റ്റാലിന്‍ എന്നിവര്‍ ചികിത്സയിലാണ്.
80 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റു ക്രഷര്‍ യൂണിറ്റുകള്‍ ഇല്ലാത്തതാണ് ഏകാധിപത്യ നിലപാടുമായി മുമ്പോട്ടുപോകുവാന്‍ മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ പാറ ഉല്‍പ്പന്നങ്ങള്‍ നല്കൂയെന്ന നിലപാട് അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധവുമായി മുമ്പോട്ടുപോകുമെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. മൂന്നു ദിവസമായി ചുരുക്കിയത് പാസ് ഇല്ലാത്തതുകൊണ്ടാണെന്ന മുടന്തന്‍ ന്യായമാണ് മാനേജ്മെന്റ് ഉന്നയിക്കുന്നതെന്നും രാജി മാത്യു ആന്റ് കമ്പനിയുടെ വാഹനങ്ങള്‍ ഇടതടവില്ലാതെ ഇവിടെനിന്നും ലോഡുകള്‍ കൊണ്ടുപോകുന്നുണ്ടെന്നും, മാനേജ്മെന്റ് പറഞ്ഞത് സത്യമാണെങ്കില്‍ പാസില്ലാതെയാണ് നൂറുകണക്കിന് ലോഡുകള്‍ ഇവിടെനിന്നും കടത്തുന്നതെന്നും സമരക്കാര്‍ ആരോപിച്ചു.
സമരക്കാരുടെ ചില ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും പാറയുടെ ലഭ്യതക്കുറവ് ഉണ്ടെന്നും പീരുമേട് ഹൈറേഞ്ച് മെറ്റല്‍ ക്രഷര്‍ മാനേജര്‍ ജോസ് പാപ്ലാനി പ്രതികരിച്ചു. ആഴ്ചയില്‍ നാലുദിവസവും പാറ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ വില കുറക്കുന്നത് ഇപ്പോള്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസം മുന്‍പ് വില കൂട്ടിയതാണെന്നും അന്നൊന്നും ആരും പരാതി പറഞ്ഞിരുന്നില്ലെന്നും ജോസ് പാപ്ലാനി വ്യക്തമാക്കി.