കോന്നി : അമിത വേഗതയിള്ള ടിപ്പർ ലോറികളുടെ യാത്ര അപകടക്കേണിയാകുന്നു. പോത്തുപാറ – അതിരുങ്കൽ – മുറിഞ്ഞകൽ റോഡ്, പയ്യനാമൺ റോഡ് എന്നിവിടങ്ങളിലാണ് ടിപ്പർ ലോറികൾ അമിത വേഗതയിൽ സഞ്ചരിക്കുന്നത്.
അനുവദനീയമായതിലും കൂടുതൽ ലോഡ് കയറ്റിയാണ് ലോറികൾ മിക്കപ്പോഴും സഞ്ചരിക്കുന്നത്. ഇതുമൂലം ടിപ്പറുകളിൽ നിന്നും കല്ലുകൾ തെറിച്ച് റോഡിൽ വീഴുന്നതും പതിവാണ്. ഇത് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മാത്രമല്ല നിരവധി അപകട വളവുകൾ ഉള്ള റോഡിൽ അമിത വേഗതയിലുള്ള യാത്ര അപകടങ്ങൾക്ക് കാരണമാകും. പയ്യനാമൺ ഭാഗത്ത് നിരവധി തവണയാണ് ടിപ്പറുകൾ അപകടത്തിൽപ്പെട്ടിട്ടുള്ളത്. മാത്രമല്ല പാറമണൽ അടക്കം ലോഡ് കയറ്റി പോകുന്ന ലോറികൾ ശരിയായ രീതിയിൽ മൂടിക്കൊണ്ടുപോകത്തതും അപകടകരമാണ്.
പാറപ്പൊടി നനച്ച് കൊണ്ടുപോകണം എന്ന നിയമവും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇരു ചക്ര വാഹന യാത്രക്കാരുടെ കണ്ണിൽ പാറപ്പൊടി വീഴുന്നതും നിത്യ സംഭവങ്ങളാണ്. പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുനിന്നുമാണ് കൂടുതലും കോന്നിയിലെ പാറമടകളിൽ നിന്നും പാറ ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടുപോകുന്നത്. ടിപ്പർ ലോറികളുടെ അമിത വേഗത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ടിപ്പർ ലോറികളുടെ അമിത വേഗത മൂലം കോന്നിയിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്.