കോന്നി : മുറിഞ്ഞകല്ലിൽ സ്‌കൂൾ സമയത്തെ ടിപ്പറുകളുടെ മരണപാച്ചിൽ അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസമാണ് സ്‌കൂൾ സമയത്ത് ടിപ്പർ ലോറികൾ സഞ്ചരിച്ചതിനെ തുടർന്ന് സ്‌കൂൾ ബസും ടിപ്പറും തമ്മിൽ കൂട്ടി ഇടിച്ചത്. പോത്തുപാറ, അതിരുംകൽ ഭാഗങ്ങളിൽ നിന്നും വരുന്ന ടിപ്പർ ലോറികൾ ഇടതടവില്ലാതെയാണ് മുറിഞ്ഞകൽ ഭാഗത്ത് കൂടി സഞ്ചരിക്കുന്നത്.ഇത് സംബന്ധിച്ച് മുൻപും പരാതികൾ ഉയർന്നിരുന്നു. ഈ വിഷയം കോന്നി താലൂക്ക് വികസന സമിതിയിൽ ചർച്ച ചെയ്യപ്പെടുകയും ഉടൻ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തുവെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
അതിരുംകൽ മുറിഞ്ഞകൽ റൂട്ടിൽ വലിയ വേഗതയിൽ ആണ് ടിപ്പറുകൾ സഞ്ചരിക്കുന്നത്.അതിരുങ്കൽ മുതൽ മുറിഞ്ഞകൽ വരെയുള്ള ഭാഗങ്ങളിൽ അടുത്തടുത്ത കൊടും വളവുകൾ ഉള്ളതിനാൽ ഇത് മറ്റ് വാഹനങ്ങൾക്കും ഭീഷണിയാകുന്നുണ്ട്.ഭാരം കയറ്റിയ ലോറികൾ പോകുന്നത് മൂലം ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് നവീകരിച്ച റോഡ് തകർന്ന് കുണ്ടും കുഴിയും ആയ അവസ്ഥയാണ് ഉള്ളത്.
കോന്നി ഭാഗത്തേക്കും പുനലൂർ ,പുനലൂർ,പത്തനാപുരം ഭാഗത്തേക്കും ഉള്ള പാറ ഉൽപ്പന്നങ്ങൾ കയറ്റിയ ലോറികൾ അതിരുങ്കൽ,പോത്തുപാറ ഭാഗങ്ങളിലെ പാറമടകളിൽ നിന്നുമാണ് കൊണ്ടുപോകുന്നത്.വൈകുന്നേരങ്ങളിൽ സ്‌കൂൾ കുട്ടികൾ അടക്കം മുറിഞ്ഞകല്ലിൽ വന്നതിന് ശേഷമാണ് വിവിധ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നത്. ഈ സമയങ്ങളിലെ ടിപ്പറുകളുടെ സഞ്ചാരം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മുറിഞ്ഞകൽ ഭാഗത്ത് ടിപ്പറുകൾ കടന്നുപോകുന്ന സമയങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കണമെന്നും ആവശ്യമുയരുണ്ട്.