കൊവിഡ് ഭേദമായതിന് ശേഷം പലരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ്, കോവിഡ് മൂലമുണ്ടാകുന്ന നീര്‍വീക്കം, ഹോര്‍മോണ്‍ തകരാറുകള്‍, വൈറ്റമിന്‍ ഡി, ബി 12 എന്നിവയാണ് മുടികൊഴിച്ചിലിന് പിന്നിലുള്ള ചില പ്രധാനകാരണങ്ങളെന്ന് ഡോക്ടർമാർ പറയുന്നു. കൊവിഡിന് ശേഷമുള്ള മുടി കൊഴിച്ചില്‍ കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ പരിചയപ്പെടാം.
ഒന്ന്
വെളിച്ചെണ്ണ നിങ്ങളുടെ മുടി ആരോഗ്യമുള്ളതും കട്ടിയുള്ളതും നീളമുള്ളതുമായി വളരാൻ സഹായിക്കും. വെളിച്ചെണ്ണയിലെ വിറ്റാമിനുകളും ഫാറ്റി ആസിഡുകളും മുടി തഴച്ച് വളരാൻ സഹായിക്കുന്നു. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ദിവസം ചെറു ചൂടുള്ള വെളിച്ചെണ്ണ തലയിൽ തേച്ച് പിടിപ്പിക്കുകയും പത്ത് മിനുട്ട് മസാജ് ചെയ്യുകയും വേണം. ഇത് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കും.
രണ്ട്
ശക്തവും കട്ടിയുള്ളതുമായ മുടിയ്ക്ക് സവാള ജ്യൂസ് വളരെ നല്ലതാണ്. ഇത് മുടി കൊഴിച്ചിൽ തടയുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സവാളയിൽ നിന്നുള്ള സൾഫർ കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
മൂന്ന്
മുട്ടയുടെ വെള്ള മുടിയ്ക്ക് സൂപ്പർഫുഡാണെന്ന് തന്നെ പറയാം. മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുടിയുടെ വളർച്ചയ്ക്ക് ചില പ്രധാനപ്പെട്ട പോഷകങ്ങളാണ്. മുട്ട ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാൻ ഫലപ്രദമാണ്. മുട്ടയുടെ വെള്ള തലയിൽ തേച്ച് പിടിപ്പിച്ച ശേഷം 10 മിനുട്ട് മസാജ് ചെയ്യുക. ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
നാല്
നെല്ലിക്കയിലെ വിറ്റാമിൻ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കുന്നു. ഇത് രക്തം ശുദ്ധീകരിക്കുകയും മുടിയുടെ അകാല നരയെ തടയുകയും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആന്റിഫംഗൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. മാത്രമല്ല നെല്ലിക്ക താരനും മറ്റ് ഫംഗസ് അണുബാധകളും തടയുകയും തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നെല്ലിക്ക നീര് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി കൂടുതൽ ആരോഗ്യമുള്ളതാക്കാൻ സഹായിക്കും.
അഞ്ച്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് മീനെണ്ണ വളരെ നല്ലതാണ്. ഇത് മുടികൊഴിച്ചിൽ കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ദിവസവും ഒരു മീനെണ്ണ ഗുളിക കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ നല്ലതാണെന്നും വിദഗ്ധർ പറയുന്നു.