രാവിലെ ഒരു ചായ നിർബന്ധം ഉള്ളവരാണ് ഭൂരിഭാഗവും അപ്പോൾ രാവിലെ എഴുന്നേറ്റ് ചായ വെയ്ക്കാൻ നോക്കുമ്പോൾ പാൽ മോശമായാൽ എന്തായിരിക്കും അവസ്ഥ. അത് പോലെ ഫ്രിഡ്ജിൽ വെച്ച പാൽ എത്ര ദിവസം വരെ ഉപയോഗിക്കാം എന്ന സംശയമൊക്കെ നിങ്ങൾക്ക് ഉണ്ടാവാം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനും ഫ്രീസ് ചെയ്യുന്നതിനുമൊക്കെ പല വഴികളുണ്ട്. പാൽ വാങ്ങി വീട്ടിൽ എത്തിയ ഉടൻ പാൽ ഫ്രിഡ്ജിൽ വെയ്ക്കാം. നിങ്ങളുടെ റഫ്രിജറേറ്റർ 40 °F (4 °C) അല്ലെങ്കിൽ അതിൽ താഴെയായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അത് പോലെ തന്നെ പാൽ വെയ്ക്കുമ്പോഴും ശ്രദ്ധിക്കണം. മിക്ക ആളുകളും പാൽ ഫ്രിഡ്ജിന്റെ ഡോറിലാണ് സൂക്ഷിക്കുക. ഇത് പാൽ വേഗത്തിൽ കേടാവുന്നതിന് കാരണമാകുന്നു. പാൽ ഫ്രിഡ്ജിനുള്ളിൽ വെയ്ക്കുക.
ഫ്രിഡ്ജിൽ മറ്റ് ഭക്ഷണ സാധനങ്ങൾ ഉണ്ടാവും. അവയിൽ നിന്നുള്ള ദുർഗന്ധം പാൽ ആഗിരണം ചെയ്യാതിരിക്കാൻ കുപ്പിയുടെ മൂടി ഇടുക. മറ്റു ഭക്ഷണ സാധനങ്ങളിൽ നിന്ന് വേറിട്ട് സൂക്ഷിക്കണം. പാൽ അധികനേരം വെളിച്ചമുള്ളിടത്ത് തുറന്ന് വെയ്ക്കരുത്. പാലിലെ വൈറ്റമിൻ ഡി, റൈബോഫ്‌ലേവിൻ തുടങ്ങിയ പല വിറ്റാമിനുകളേയും പോഷകങ്ങളേയും നശിപ്പിക്കാൻ പ്രകാശത്തിന് കഴിയും. വളരെക്കാലം സൂക്ഷിക്കാൻ പാൽ ഫ്രീസ് ചെയ്യാം. നിങ്ങൾക്ക് 3 മാസം വരെ പാൽ ഫ്രീസ് ചെയ്യാം. എന്നാൽ ഘടനയും രുചിയും അല്പം മാറ്റം വരും. പക്ഷേ പാൽ സുരക്ഷിതവും ഉപയോഗയോഗ്യവുമായിരിക്കും. അതേ സമയം പാലിൽ അച്ചടിച്ച വിൽപ്പനയ്ക്കുള്ള തീയതി മുതൽ അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ പാൽ ഉപയോഗിക്കാം. ഒരിക്കൽ തുറന്നുകഴിഞ്ഞാൽ മൂന്ന് ദിവസത്തിനുള്ളിൽ പാൽ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് ഫുഡ് സ്‌പെഷ്യലിസ്റ്റുകൾ നിർദ്ദേശിക്കുന്നത്.