തിരുവല്ല : തിരുവല്ല റെയിൽവെ സ്റ്റേഷൻ വികസന പ്രവർത്തികൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ സചീന്ദർ മോഹൻ ശർമ്മ. തിരുവല്ല റെയിൽവേ സ്റ്റേഷനെ അമൃത് റെയിൽ വേ സ്റ്റേഷനായ കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ പണി ആരംഭിച്ചു കഴിഞ്ഞുവെന്നും മാർച്ച് 31 ന് മുമ്പ് പണി പൂർത്തികരിക്കുമെന്നും സതേൺ റയിൽവേ ഡിവിഷണൽ മാനേജർ സചീന്ദർ മോഹൻ ശർമ്മ പറഞ്ഞു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ആന്റോ ആൻറണി എംപിയോടൊപ്പം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖച്ചായ മാറുന്ന വികസന പ്രവർത്തനങ്ങൾക്കാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ക്കൊണ്ട് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
റെയിൽ വേ സ്റ്റേഷന്റെ അടിയന്തര ആവശ്യങ്ങൾ എല്ലാം ഈ പദ്ധതിയിൽ ഉണ്ടാകും. രണ്ട് പ്ലാറ്റ്ഫോമുകളുടേയും മേൽക്കൂര, ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള എസ്കലേറ്റർ സംവിധാനം, അത്യാധുനിക സംവിധാനമുള്ള രണ്ട് വിശ്രമ മുറികൾ, സ്നാക്ക് ബാർ,ക്യാൻറീൻ, പുതിയ കസേരകൾ, കേരളത്തിലെ ഏറ്റവും വിശാലമായ കാർ പാർക്കിംഗ് സംവിധാനം, ബസുകൾക്ക് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കി പോകുവാനുള്ള ബസ് ബേ സംവിധാനം, റോഡ് വീതി കൂട്ടുവാനുള്ള പദ്ധതിയും പരിഗണയിലാണെന്ന് അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണി എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ, കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി എക്സ് എംഎല്‍എ, യുഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി, മുൻ മുൻസിപ്പൽ ചെയർമാൻ ആര്‍.ജയകുമാർ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബിജു ലങ്കാഗിരി, ജോർജ് മാത്യു, വി.ആര്‍ രാജേഷ്, മുൻസിപ്പൽ കൗൺസിലൻമാരായ മാത്യൂസ് സി ചാലക്കുഴി, സജിഎം മാത്യു, ജേക്കബ് ജോർജ് മനയ്ക്കൽ, രാജേഷ് മാലിയിൽ, വൈഎംസിഎ പ്രസിഡന്റ് ഇ.എ ഏലിയാസ്, ഗിരീഷ് കറ്റോട് എന്നിവർ പങ്കെടുത്തു.