ചെന്നൈ : ടി.എം കൃഷ്ണയുടെ പുസ്തകപ്രകാശനം തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പ്രകാശനത്തിനായി വേദി അനുവദിച്ച തീരുമാനം കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള കലാക്ഷേത്ര ഫൗണ്ടേഷന്‍ പിന്‍വലിച്ചു. ‘സെബാസ്റ്റ്യന്‍ ആന്‍ഡ് ഹിസ് സണ്‍സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് നല്‍കിയ അനുമതിയാണ് പിന്‍വലിച്ചത്.
പുസ്തകത്തിന്റെ ഉള്ളടക്കം വിവാദം സൃഷ്ടിക്കുമെന്നതിനാലാണ് അനുമതി റദ്ദാക്കുന്നതെന്നാണ് കലാക്ഷേത്ര നല്‍കിയ കത്തില്‍ പറയുന്നത്. കേന്ദ്ര സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിന് രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ ഭിന്നിപ്പ് സൃഷ്ടിക്കാനാകില്ലെന്നും കത്തില്‍ പറയുന്നു. പുസ്തകത്തിനെക്കുറിച്ച് ദേശീയ പത്രത്തില്‍ വന്ന നിരൂപണത്തിനു പിന്നാലെയാണ് നടപടി. മൃദംഗം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് പുസ്തകം. പുസ്തകത്തില്‍ നിരവധി വിവാദമായ സംഭവങ്ങളെക്കുറിച്ച് പരമാര്‍ശമുണ്ട്. അതിനെല്ലാം രാഷ്ട്രീയ സ്വഭാവമുണ്ടെന്നുമാണ് അനുമതി പിന്‍വലിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഒരുപാട് തലമുറയായി വ്യാപിച്ച് കിടക്കുന്ന മൃദംഗം നിര്‍മിക്കുന്നവരെക്കുറിച്ച് എഴുതേണ്ടത് അത്യാവശ്യമാണെന്ന് ടി എം കൃഷ്ണ. പുസ്തകത്തിലെ ചില വിവരങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ സത്യം ആര്‍ക്കും നിരസിക്കാനാകില്ല. സത്യം മനസ്സിലാക്കാതെ ഒരു സമൂഹത്തിന് നിലനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.