ചെന്നൈ : തമിഴ്‌നാട് മുന്‍ മന്ത്രിയും ഡിഎംകെയുടെ മുതിര്‍ന്ന നേതാവുമായ എ.റഹ്മാന്‍ ഖാന്‍ അന്തരിച്ചു. 77 വയസായിരുന്നു. ഏറെ നാളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
അഞ്ച് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട പ്രഭാഷകന്‍ കൂടിയായ റഹ്മാന്‍ ഖാന്‍ 1996-2001 കാലയളവില്‍ കരുണാനിധി മന്ത്രിസഭയില്‍ റവന്യു- തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തു. 1977ല്‍ എം.ജി.ആര്‍ തരംഗം ആഞ്ഞടിച്ചപ്പോഴും ചെപ്പോക്ക് നിയോജക മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1980, 84,89, 96 നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. തമിഴ്നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു.
ഡിഎംകെയുടെ ഉന്നത അധികാര സമിതിയിലുള്ള ഇദ്ദേഹം അറിയപ്പെടുന്ന പ്രാസംഗികന്‍ കൂടിയാണ്. റഹ്മാന്റെ മരണത്തില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് സ്റ്റാലിന്‍ ഫെയസ്ബുക്കില്‍ കുറിച്ചു.