ഇരവിപേരൂർ : പടയണിക്കാലത്ത് കമുകിൻ പാളയുടെ ക്ഷാമം പരിഹരിക്കാൻ ഇരവിപേരൂർ പഞ്ചായത്ത് മുൻകൈയെടുത്ത് കമുകിൻ തൈകൾ നട്ടു. പഞ്ചായത്തിന്റെ ഒരേക്കർ സ്ഥലത്തും ആദിപമ്പ-വരട്ടാറിന്റെ തീരത്തുമാണ് തൈകൾ നടുക. തൊഴിലുറപ്പ് പദ്ധതിയിൽ 50 തൊഴിലാളികൾക്ക് 500 തൊഴിൽ ദിനങ്ങൾ നൽകി രണ്ടരലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. ഇരവിപേരൂർ പഞ്ചായത്തിന് ലഭിച്ച ജൈവവൈവിധ്യ പരിപാലന അവാർഡ് തുകയായ അഞ്ചുലക്ഷം രൂപയിൽ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. മംഗള ഇനത്തിൽ വരുന്ന 2000 കമുകിൻ തൈകൾ നട്ടു തുടങ്ങി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു തൈകളുടെ നടീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ സാംസ്‌കാരികപൈതൃകമായ ഓതറ പുതുക്കുളങ്ങര, തിരുനല്ലൂർസ്ഥാനം എന്നീ ക്ഷേത്രങ്ങളിൽ പടയണിക്ക് കോലങ്ങൾ എഴുതാൻ പാളകൾ ആവശ്യമാണ്. മറ്റുള്ള പ്രദേശങ്ങളിൽപോയി പാള ശേഖരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതൊഴിവാക്കാനും വിവിധതരം പാള ഉത്പന്നങ്ങൾ നിർമിക്കുവാനും ലക്ഷ്യമിടുന്നതായി പഞ്ചായത്ത് പ്രസിഡന്റ കെ.ബി. ശശിധരൻ പിള്ള പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ എം.എസ്. മോഹനൻ, അമ്മിണി ചാക്കോ, ഓവർസിയർ സുജാത, സുരേഷ് കുമാർ, സുമം എന്നിവർ പങ്കെടുത്തു.