ആലപ്പുഴ: തന്റെ വേറിട്ട ആശയം നടപ്പിലാക്കുക വഴി രണ്ടാം ലോകമഹായുദ്ധാനന്തരം ഉണ്ടായ ഭക്ഷ്യക്ഷാമത്തിൽ നിന്നും തിരുവതാംകൂറിനെയും കേരള ജനതയേയും രക്ഷിച്ച കർഷക പ്രതിഭ ജോസഫ് മുരിക്കന്റെ അൻപതാം ചരമവാർഷികം കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വേമ്പനാട്ട് കായലിലെ ആർ ബ്ളോക്ക് (റാണി)കായൽ നിലത്തിൽ വെച്ച് നടത്തപ്പെടും. കുട്ടനാടൻ കർഷകനായിരുന്ന ജോസഫ് മുരിക്കൻ കായലിനുള്ളിൽ നെല്ലു വിളയിക്കുക എന്ന തന്റെ നൂതന ആശയം അവതരിപ്പിച്ചപ്പോൾ അന്നത്തെ പൊതുസമൂഹം അദ്ദേഹത്തെ പരിഹസിച്ചു. എന്നാൽ മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾക്ക് ചെവികൊടുക്കാതെ അദ്ദേഹം വേമ്പനാട്ട് കായലിൽ മൂന്നിടത്തായി രണ്ടായിരത്തിലധികം ഏക്കർ നെൽവയൽ ആണ് പുതുതായി സൃഷ്ടിച്ചെടുത്തത്. ഈ വേറിട്ട കൃഷിരീതി അന്താരാഷ്ട്ര വേദികളിലെ ചർച്ചാവിഷയമായി മാറി.
പൊതുസമൂഹം നിരുത്സാഹപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തപ്പോഴും തന്റെ നൂതാനാശയങ്ങൾക്ക് എല്ലാ പിന്തുണയും നല്കിയ തിരുവിതാംകൂർ രാജകുടുംബത്തോടുള്ള സ്നേഹാദരവുകൾ മുരിക്കൻ തന്റെ ഭഗീരഥ പ്രയത്നത്തിലൂടെ നിർമ്മിച്ചെടുത്ത കായൽ നിലങ്ങൾക്ക് രാജകുടുംബവുമായി ബന്ധപ്പെട്ട മാർത്താണ്ഡം, റാണി, ചിത്തിര എന്നീ പേരുകൾ നല്കികൊണ്ട് പ്രകടിപ്പിച്ചു. ഭക്ഷ്യ സുരക്ഷയ്ക്ക് നല്കിയ സംഭാവന മാനിച്ച് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ആദരവിന് അർഹനായ ജോസഫ് മുരിക്കൻ തന്റെ എഴുപത്തിനാലാം വയസിൽ 1974 ഡിസംബർ 9 നാണ് ഇഹലോകവാസം വെടിയുന്നത്. മുരിക്കൻ നിർമ്മിച്ച റാണി കായൽ നിലത്തിൽ വെച്ച് കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ജോസഫ് മുരിക്കന്റെ അൻപതാം ചരമവാർഷികാചരണം സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്യും.
സംസ്കാരവേദി ആലപ്പുഴ ജില്ല പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് എം ആലപ്പുഴ ജില്ല പ്രസിഡന്റ് വി സി ഫ്രാൻസിസ് മുഖ്യപ്രഭാഷണവും രാജു കുന്നിക്കാട് അനുസ്മരണ പ്രഭാഷണവും നിർവഹിക്കും, ഡോ. ജേക്കബ് സാംസൺ, ഫിലിപ്പോസ് തത്തംപള്ളി, വടയക്കണ്ടി നാരായണൻ, നിർമ്മല ജോസഫ്, ഡോ.സുമ സിറിയക്, പ്രൊഫ. പി വി ഷീന, അഡ്വ.അനിൽ കാട്ടാക്കട, വട്ടപ്പാറ രവി, ജിൻസ് പള്ളിപ്പറമ്പിൽ, ബിജു നൈനാൻ മരുതുക്കുന്നേൽ, സാം സി ജോൺ പട്ടാഴി, ഗിരിജൻ ആചാരി, മുതലായവർ ആശംസകൾ അറിയിക്കും.