പരവൂർ : കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് പരവൂർ പുറ്റിംഗൽ സംഭവിച്ചത്. 114 പേർക്ക് മരണവും 350 ഓളം പേർക്ക് പരിക്കുകളും സമ്മാനിച്ച ആ പുലർകാലം ഇന്നും നാടിനെ നടുക്കുന്ന ഓർമ്മകളാണ്. 2016 ഏപ്രിൽ 10-ന് പുലർച്ചേയാണ് വെടിക്കെട്ട് ദുരന്തം സംഭവിച്ചത്. അഞ്ചിന് പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ മീനഭരണി ഉത്സവമായിരുന്നു. മുകളിലേയ്ക്ക് വിട്ട അമിട്ടിലെ ഒരു ഗുളിക കത്തി തീരാതെ കമ്പ പുരയിൽ വീണതാണ് വൻ സ്ഫോടനത്തിന് വഴിവെച്ചതെന്ന് കരുതുന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്ററോളം ബാധിച്ചു. ദുരന്തത്തിന്റെ വാർഷിക നാളിലാണ് ഇത്തവണത്തെ മീനഭരണി ഉത്സവം.
വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. സമീപവാസിയായ ഒരു വീട്ടമ്മയുടെ പരാതി നിലനില്ക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലെ ആചാര ചടങ്ങാണ് വെടിക്കെട്ട് എന്ന് വ്യക്തമാക്കിയാണ് ക്ഷേത്രഭരണസമിതി ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് വെടിക്കെട്ട് നടത്തിയത്. പുലർച്ചേ ആയിരുന്നതിനാലും ദുരന്തത്തിൽ വൈദ്യുതി വിതരണം തകരാറിലായതും രക്ഷാപ്രവർത്തനത്തെ വളരെയധികം ബുദ്ധിമുട്ടിലാക്കി. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് സജീവമായി രക്ഷാപ്രർത്തനം നടത്തുകയും കിട്ടുന്ന വാഹനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു. വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് ക്ഷേത്രപരിസരത്തുണ്ടായിരുന്ന കാറുകളിൽ നിന്നും ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ഇത് നശിപ്പിക്കുകയും ചെയ്തു.
വെടിക്കെട്ട് ദുരന്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം ആദ്യം കേസെടുത്ത് ആരംഭിച്ചത് ലോക്കൽ പോലീസാണ്. പിന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷം 12 ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം സി ബി ഐ യുടെ അന്വേഷണത്തിന് തീരുമാനമെടുത്തു. എന്നാൽ പിന്നീട് കേസ് സി ബിഐയ്ക്ക് വിടെണ്ട എന്നും ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നുമുള്ള നിലപാടിലെത്തി. ജൂഡീഷ്യൽ അന്വേഷണത്തിനും ഇതിനിടയിൽ ഉത്തരവുണ്ടായി. ഇതിനായി റിട്ട. ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ രൂപീകരിച്ചു. കമ്മീഷനും റിപ്പോർട്ട് സമർപ്പിച്ചു.
ക്രൈം ബ്രാഞ്ച് ക്ഷേത്രഭാരവാഹികളും കരാറുകാരും ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു. ഇവർ പോലീസിന് മുന്നിൽ കീഴടങ്ങുകയോ അറസ്റ്റിലാവുകയോ ചെയ്തു. ഇവർക്ക് ജാമ്യം കിട്ടാതെ മൂന്ന് മാസത്തോളം ജയിലിൽ റിമാൻഡിൽ കഴിയേണ്ടിവന്നു. അതിന് ശേഷമാണ് ജാമ്യം കിട്ടിയത്. പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി രുപീകരിച്ചു. കൊല്ലം ടി.എം വർഗീസ് സ്മാരകത്തോട് ചേർന്ന കെട്ടിടമാണ് പ്രത്യേക കോടതി പ്രവർത്തിക്കുന്നതിന് സജ്ജമാക്കിയിട്ടുള്ളത്. പ്രതികൾക്ക് കുറ്റപത്രം കൈമാറിയിട്ടുണ്ട്. മേയ് 22 ന് പ്രതികൾ പ്രത്യേക കോടതിയിൽ ഹാജരാകണമെന്ന് അറിയിപ്പ് ലഭിച്ചതായി പ്രതികൾ പറഞ്ഞു.