തിരുവനന്തപുരം : ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ജനാധിപത്യത്തിന്‍റേയും മനുഷ്യാവകാശങ്ങളുടേയും സംരക്ഷകരെന്ന നിലയില്‍ മാധ്യമ സ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കേണ്ടതിന്‍റെ ആവശ്യകത സര്‍ക്കാരിനേയും സമൂഹത്തേയും ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണിത്. മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോകത്ത് 151 ആം സ്ഥാനത്തുളള ഇന്ത്യയില്‍ മാധ്യമ ലോകം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പുതിയ ലോകത്തിലെ ധീരമായ റിപ്പോര്‍ട്ടിങും മാധ്യമങ്ങളിലെ കൃത്രിമ ബുദ്ധിയുടെ സ്വാധീനവും എന്നതാണ് ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിലെ പ്രമേയം. ആഗോള തലത്തില്‍ മാധ്യമ സ്വാതന്ത്ര്യം വിലയിരുത്തുമ്പോള്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണെന്ന വിശേഷണം മാധ്യമങ്ങള്‍ക്ക് വെറും അലങ്കാരം മാത്രം. ഭരണകൂടങ്ങളുടെ കടുത്ത നിയന്ത്രണങ്ങളും സമൂഹത്തിന്‍റെ അനാവശ്യ ഇടപെടലുകളും സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിന് വിഘാതമാണ്.
യുദ്ധമുഖത്ത് പൊലിയുന്നവരും നിര്‍ഭയ മാധ്യമ പ്രവര്‍ത്തനരക്തസാക്ഷികളും ഏറെ. അന്താരാഷ്ട്ര ഏജന്‍സിയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്‍റെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 151ആണ്. അതായാത് ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം ദുഷ്കരമെന്ന് ചുരുക്കം. മാധ്യമ വ്യവസായ മേഖലയില്‍ നിക്ഷേപം കുറഞ്ഞതിനൊപ്പം സമൂഹമാധ്യമങ്ങളുടെ കടന്നു കയറ്റവും ഈ മേഖലയ്ക്ക് കനത്ത വെല്ലുവിളിയായി. വായനക്കാരുടെ എണ്ണം കുറഞ്ഞതും ഭാരിച്ച ചെലവും പത്രങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കി. പത്രങ്ങള്‍ ഓണ്‍ലൈന്‍ പതിപ്പിലേക്ക് മാറി. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും മാറ്റത്തിന്‍റെ പാതയിലാണ്. പരസ്യ വരുമാനം കുറയുന്നത് മേഖലയ്ക്കും തിരിച്ചടിയാണ്. യൂട്യൂബിന്‍റെ സ്വീകാര്യത മാധ്യമങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.
മാധ്യമങ്ങളോടുള്ള സര്‍ക്കാരിന്‍റേയും സമൂഹത്തിന്‍റേയും പ്രതിബദ്ധത വിലയിരുത്തുന്നതിനൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ പാലിക്കേണ്ട ധാര്‍മികതയും മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മാധ്യമങ്ങളെ വിലക്കുന്നതും തടയുന്നതും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേലുളള കടന്നു കയറ്റമാണെന്ന് കോടതികള്‍ വിധിച്ചിട്ടുണ്ട്. എന്നാലും മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും പരിഹസിക്കുന്നതും ആക്രമിക്കുന്നതും കൂടിവരികയാണ്. പുരോഗമന കേരളത്തില്‍ പോലും മാപ്രയെന്ന് വിളിച്ച് ആക്ഷേപിക്കുന്നതാണ് സമകാലിക കാഴ്ച. ഇതൊക്കെ ആണെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നവര്‍ നേരോടെ നിര്‍ഭയം നിരന്തരം മാധ്യമ പ്രവര്‍ത്തനം തുടരുക തന്നെ ചെയ്യും.