കോഴിക്കോട് : പതിറ്റാണ്ടുകളായി കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടാണ് ഇന്നത്തെ പലസ്തീൻ ഐക്യദാർഢ്യ റാലിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർക്ക് കോഴിക്കോട് വന്നപ്പോൾ കോൺഗ്രസിനെ കുറിച്ച് സംശയമാണെന്ന് സിപിഐഎമ്മിനെ ഉന്നം വെച്ച് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം ഒന്ന് പരിശോധിക്കണം. ചരിത്രം എണ്ണി പറഞ്ഞുകൊണ്ടാണ് സി പി ഐ എമ്മിന് സതീശൻ മറുപടി നൽകിയത്. ലീഗ് നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണെന്നും അവർ ആരുടെയും കെണിയിൽ വീണില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
പലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ട് മറ്റ് പല രാജ്യങ്ങൾക്ക് മുന്നിലും അടിയറവ് പറയുന്നതല്ല കോൺഗ്രസ് നിലപാട്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കാണണം എന്നതാണ് ചിലരുടെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നം ആണ് പലസ്തീനികളുടേത്. കൂടിയാലോചനകൾ നടത്താതെ അല്പം പോലും ആലോചിക്കാതെ മോദി ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മറ്റ് പല രാജ്യങ്ങളും നിലപാട് തിരുത്തി. കോൺഗ്രസിന് ഒരു നയം ആണ് ഉള്ളത്. അത് അന്നും എന്നും മാറുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.