കോയമ്പത്തൂര്‍ : പൊള്ളാച്ചി ആനമലയില്‍ കാറിലെത്തിയ യുവാക്കള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. റോഡരുകില്‍ നില്‍ക്കുന്ന യുവാവ് കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നതും കുട്ടിയുടെ അമ്മ യുവാവിനെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ഗോത്ര ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെയെയാണ് തട്ടിക്കൊണ്ടുപോയത്. ബിസ്‌ക്കറ്റ് വാങ്ങാന്‍ പണം നല്‍കി സൗഹൃദം സ്ഥാപിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കാറിലെത്തിയ യുവാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
കുട്ടിയെ കാറില്‍ കയറ്റി പോയപ്പോള്‍ അമ്മ കാറിന് പിന്നാലെ പോകുന്നതും പോലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ കാണാം . കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവിന്റെ മുഖം വ്യക്തമായി സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്, ഇതിനാല്‍ അന്വേഷണം സുഗമമാകുമെന്നും പ്രതിയെ കണ്ടു പിടിക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്നുമാണ് പോലിസ് പറയുന്നത്.
നെല്ലായാമ്പതിയില്‍ വിനോദസഞ്ചാരത്തിന് പോയി മടങ്ങിയ യുവാക്കളാണ് കാറില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രഥമിക നിഗമനം. എന്നാല്‍ രണ്ടു ദിവസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു തുമ്പും പോലിസിനു ലഭിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.