മുംബൈ: അധിക ലഗേജിന് പണം ആവശ്യപ്പെട്ടതില്‍ അസ്വസ്ഥയായ യുവതി ബാഗില്‍ ബോംബുണ്ടെന്നു ഭീഷണിപ്പെടുത്തി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അനുവദനീയമായതിലേറെ ഭാരമുള്ള ബാഗുകളുമായി വിമാനത്താവളത്തിലെത്തിയ യുവതിയോടു പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബാഗില്‍ ബോംബുണ്ടെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ അതു നുണയാണെന്നു കണ്ടെത്തിയ അധികൃതരുടെ പരാതിയില്‍ യുവതിക്കെതിരെ കേസെടുത്തു.
മേയ് 29 ന് ഭര്‍ത്താവും കുട്ടികളുമായി കൊല്‍ക്കത്തയ്ക്കു പോകാന്‍ എത്തിയ യുവതിയാണ് മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നാടകീയ അന്തരീക്ഷം സൃഷ്ടിച്ചത്. എയര്‍ലൈന്‍ നിയമപ്രകാരം, ഓരോ ആഭ്യന്തര യാത്രികനും 15 കിലോ ഭാരമുള്ള ഒരു ബാഗ് കൈവശം വയ്ക്കാനേ അനുവാദമുള്ളൂ. എന്നാല്‍ യുവതിയുടെ ബാഗുകള്‍ക്ക് 22.05 കിലോ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് യുവതിയോട് പണം അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. അതിനു തയാറാകാതിരുന്ന യുവതി ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ, ബാഗുകളില്‍ ഒന്നില്‍ ബോംബുണ്ടെന്നു പറയുകയായിരുന്നു.