മുംബൈ (മഹാരാഷ്ട്ര): തിങ്കളാഴ്ച രാത്രി മുതൽ മുംബൈ നിവാസികൾക്ക് ടോൾ ഇല്ലാതെ സഞ്ചരിക്കാം. മഹാരാഷ്ട്ര സർക്കാർ നഗരത്തിലെ അഞ്ച് പ്രവേശന കവാടങ്ങളിലും പൂർണ ടോൾ ഇളവ് പ്രഖ്യാപിച്ചു. കാറുകൾ, ജീപ്പുകൾ, വാനുകൾ, ചെറിയ ട്രക്കുകൾ എന്നിവ ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ് പൂർണ ടോൾ ഇളവ്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനാണ് ടോൾ പിരിവ് നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ തിങ്കളാഴ്ച ചേർന്ന മന്ത്രി സഭ യോഗത്തിനു ശേഷമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 12 മണി മുതൽ ടോൾരഹിത പ്രവേശനം നടപ്പാക്കും. ദഹിസർ, മുളുണ്ട് വെസ്റ്റ് (എൽ.ബി.എസ് റോഡ്), വാഷി, ഐറോളി, മുളുണ്ട് ഈസ്റ്റ് എന്നീ ടോൾ ബൂത്തുകളിലാണ് ടോൾ പിരിവ് അവസാനിപ്പിച്ചത്.
എല്ലാ ടോൾ പ്ലാസകളിലും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഈടാക്കിയിരുന്നത് 45 രൂപയാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ മഹായുതി സർക്കാറിലേക്ക് ആകർഷിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് മന്ത്രിസഭാ തീരുമാനം. ടോൾ നിർത്തലാക്കണമെന്നത് നിരവധി രാഷ്ട്രീയ പാർട്ടികളുടെയും പൗര ഗ്രൂപ്പുകളുടെയും ദീർഘകാല ആവശ്യമായിരുന്നു. ടോൾ ഫീ നൽകാതെ മുംബൈയിലേക്കും പുറത്തേക്കും യാത്ര ചെയ്യാൻ അനുവദിക്കുന്നതിലൂടെ ഈ തീരുമാനം യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മേൽപ്പാലങ്ങളുടെ നിർമാണച്ചെലവ് ഈടാക്കുന്നതിനാണ് നഗരത്തിലെ പ്രവേശന കേന്ദ്രങ്ങളിൽ ടോൾ ബൂത്തുകൾ സ്ഥാപിച്ചത്. 2002 ആയപ്പോഴേക്കും അഞ്ച് ടോൾ ബൂത്തുകളും പ്രവർത്തനക്ഷമമാവുകയും ടോൾ പിരിവ് ആരംഭിക്കുകയും ചെയ്തു.