തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ ഇന്ന് തകര്‍ക്കും. മരടിലെ എല്ലാ ഫ്‌ളാറ്റുകളും തകര്‍ത്ത കാര്യം സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിക്കും.
സമീപത്തെ വീടുകള്‍ക്കൊന്നും നാശനഷ്ടമില്ലാതെ ഫ്‌ളാറ്റ് പൊളിക്കാനായതില്‍ സര്‍ക്കാറിന് ആശ്വസിക്കാം. പക്ഷെ തീരദേശ പരിപാലന നിയമലംഘനത്തില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്മേല്‍ ഇനി കോടതി എന്ത് നിലപാടെടുക്കുമെന്നത് സര്‍ക്കാറിന് മുന്നിലെ വെല്ലുവിളിയാണ്.
മരട് ഫ്‌ളാറ്റ് കേസില്‍ കെട്ടിട നിര്‍മ്മാതാക്കളെക്കാള്‍ വിധി നടപ്പാക്കുന്നതില്‍ ആദ്യം മെല്ലെപ്പോയ സംസ്ഥാന സര്‍ക്കാറിനെതിരെയായിരുന്നു സൂപ്രീം കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ഒരുവശത്ത് വടിയെടുത്ത് കോടതി, മറുവശത്ത് ഫ്‌ളാറ്റിലെ താമസക്കാരുടെ പ്രതിഷേധം. കോടതി വിധി നടപ്പാക്കാതെ പറ്റില്ലെന്ന നിലയിലേക്ക് സര്‍ക്കാറിന് ഒടുവില്‍ എത്തേണ്ടി വന്നു. അപ്പോഴും ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന ആശങ്ക നാട്ടുകാര്‍ക്കൊപ്പം സര്‍ക്കാറിനും ഉണ്ടായിരുന്നു. രണ്ട് ഫ്‌ളാറ്റുകള്‍ വിജയകരമായി പൊളിച്ച് നീക്കിയതോടെ ആശങ്കകള്‍ അകലുകയാണ്.