ആലപ്പുഴ: മൂന്നു വര്‍ഷമായി ബൈക്കുകളില്‍ കറങ്ങി മാലമോഷണം നടത്തിയിരുന്ന വ്യാപാരികള്‍ അറസ്‌റ്റില്‍. ആലപ്പുഴ വണ്ടാനം കാട്ടുപുറം വെളിയില്‍ ഫിറോസ് (കോയാമോന്‍-34), കൊല്ലം മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേതില്‍ ഷിഹാബ് (ഷിഹാദ്-30) എന്നിവരാണു പിടിയിലായത്. ബേക്കറികള്‍ ഉള്‍പ്പടെ ബിസിനസ് സ്‌ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു ഇവര്‍. “ഓപ്പറേഷന്‍ 916” എന്നപേരില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ചേര്‍ത്തല, കരുനാഗപ്പള്ളി എന്നിവടങ്ങളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.
സമാന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികള്‍ വലയിലായത്. പ്രതികളിലൊരാളുടെ ശാരീരിക പ്രത്യേകത സംബന്ധിച്ച സൂചനകളും വഴിത്തിരിവായി. 2016 നു ശേഷം സംസ്‌ഥാനത്ത് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള പള്‍സര്‍ ബൈക്കുകളുടെ വിവരം ശേഖരിച്ച് പരിശോധിച്ചു. കുറ്റകൃത്യങ്ങള്‍ നടന്ന സഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും പരിശോധിച്ചതില്‍നിന്ന് പ്രതികളെ സംബന്ധിച്ച് വ്യക്‌തമായ സൂചന ലഭിച്ചിരുന്നു.