തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കറിനെ നാളെ കസ്റ്റംസ് ചോദ്യം ചെയ്യും. കോടതിയുടെ അനുമതി പ്രകാരം കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് ചോദ്യം ചെയ്യുക. ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. നയതന്ത്ര ബാഗ് വിട്ടുനല്‍കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചത് സംബന്ധിച്ച് കസ്റ്റംസ് ചോദിച്ചറിയും.
താന്‍ വിളിച്ചത് ഫുഡ് സേഫ്റ്റി കമ്മീഷണറെയാണെന്നാണ് ശിവശങ്കര്‍ നേരത്തെ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോ കസ്റ്റംസോ തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ തിങ്കളാഴ്ച്ചത്തെ ചോദ്യം ചെയ്യല്‍ ശിവശങ്കറിന് നിര്‍ണായകമാണ്. ചോദ്യം ചെയ്യലിനു ശേഷം കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങാനുള്ള സാധ്യതയും ഏറെയാണ്. സ്വപ്നയുമായുള്ള വിദേശയാത്രകളില്‍ ശിവശങ്കര്‍ ഡോളര്‍ കണ്ടെത്തിയിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുളള തെളിവുകളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.