കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്ത കേസില്‍ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. നാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ മന്ത്രിക്കു നോട്ടീസ് നല്കി. ജലീലിനെ പ്രതിയാക്കേണ്ടി വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണിലെ മായ്ചു കളഞ്ഞ വിവരങ്ങള്‍ വീണ്ടെടുത്ത ശേഷമാണ് കസ്‌റ്റംസിന്റെ ചോദ്യം ചെയ്യല്‍. നേരത്തേ എന്‍.ഐ.എയും ഇ.ഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.
മതഗ്രന്ഥങ്ങള്‍ മലപ്പുറത്ത് എത്തിച്ചതായി ഇ.ഡിയോടും എന്‍.ഐ.എയോടും ജലീല്‍ സമ്മതിച്ചിട്ടുണ്ട്. ഇ.ഡിക്ക് നല്‍കിയ മൊഴി തെളിവായതിനാല്‍ മാറ്റിപ്പറയാനാവില്ല. മതഗ്രന്ഥങ്ങളടങ്ങിയ കാര്‍ഗോ മന്ത്രിക്ക് കൈമാറിയെന്ന് സ്വപ്നയും മൊഴിനല്‍കിയിട്ടുണ്ട്. നികുതി ഇളവിലൂടെ കൊണ്ടുവന്ന മതഗ്രന്ഥം വിതരണം ചെയ്തതു ചട്ടലംഘനമാണെന്നാണു കണ്ടെത്തല്‍. വിദേശസംഭാവന നിയന്ത്രണച്ചട്ടം ജലീല്‍ ലംഘിച്ചെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കേന്ദ്രാനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടുവരാനോ വിതരണംചെയ്യാനോ കഴിയില്ല. വിദേശ-ആഭ്യന്തര മന്ത്രാലയങ്ങളുടെ മുന്‍കൂര്‍ അനുമതി ഇതിനായി തേടണം. കേരള സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും വേണം.
കോണ്‍സുലേറ്റ് സാധനങ്ങള്‍ എന്ന വ്യാജേന നികുതി ഇളവുള്‍പ്പെടെ നേടിയാണ് മതഗ്രന്ഥങ്ങളും 17,000കിലോ ഈന്തപ്പഴവും ഉള്‍പ്പെടുന്ന കാര്‍ഗോകള്‍ കൊണ്ടുവന്നതെന്ന് കസ്റ്റംസ് പറയുന്നു. കോണ്‍സല്‍ ജനറലിനെ മറയാക്കി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ്, കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന, പി.ആര്‍.ഒയായിരുന്ന സരിത്ത് എന്നിവരാണ് ഇതിന് പിന്നിലെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. സ്വപ്ന നിയമനം നേടിക്കൊടുത്ത കോണ്‍സുലേറ്റിലെ ചില ജീവനക്കാര്‍ക്കും പങ്കുണ്ട്.
മതഗ്രന്ഥങ്ങള്‍ എല്ലാ വര്‍ഷവും യുഎഇ എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനോടനുബന്ധിച്ചു വിതരണം ചെയ്യാറുണ്ടെന്നാണു ജലീല്‍ പറയുന്നത്. വിതരണം ചെയ്യരുതെന്നാണ് കേന്ദ്ര നിലപാടെങ്കില്‍ അവ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കാന്‍ തയാറാണെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.