റാന്നി: റാന്നി താലൂക്കിനെയും കേരളത്തെയും വെള്ളത്തില്‍ മുക്കിയ മഹാ പ്രളയത്തിന്‍റെ ഓര്‍മ്മകള്‍ക്ക് നാളെ ആറു വര്‍ഷം പൂര്‍ത്തിയാവുന്നു. റാന്നിയെ രണ്ടാക്കിയ പാലത്തിന്‍റെ തകര്‍ച്ചക്ക് 16 ദിവസം മുന്‍പ് ഇരുപത്തിയെട്ട് വര്‍ഷം പൂര്‍ത്തിയായി. 1996 ജൂലായ് 29, 2018 ആഗസ്റ്റ് 15 രണ്ടും റാന്നിയെ പൂര്‍ണ്ണമായും കരയിച്ച ദുരന്ത മാസങ്ങളാണ്. 2018 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിന പുലരി മഹാപ്രളയത്തെകുറിച്ചുള്ള വിവരങ്ങളുമായിട്ടാണ് ഉണര്‍ന്നത്. മഹാ പ്രളയത്തില്‍ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ഗതാഗതം നിലച്ചു. വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും നിലച്ചു. എങ്ങും സഹായം അഭ്യര്‍ത്ഥിച്ചുള്ള വിളികള്‍ മാത്രം. പ്രകൃതി ദുരന്തം അതിന്‍റെ ഭീകരമായ കൈകളാല്‍ റാന്നിയെ ചേര്‍ത്തുപിടിച്ച ദിനങ്ങള്‍. 1996 ജൂലായ് 29 റാന്നിയെ രണ്ടായി വിഭജിച്ച ദിനം. എന്നാല്‍ ദുരന്തങ്ങളുടെ തുടര്‍ യാത്രയുമായി റാന്നി നില്‍ക്കുമ്പോള്‍ അതിജീവിക്കാനുറച്ചു തന്നെയാണ് ജനങ്ങള്‍.
ആദ്യ ദുരന്തമെത്തിയത് പമ്പാനദിയിലെ വലിയപാലത്തിന്‍റെ പൊടുന്നനെയുള്ള തകര്‍ച്ചയുടെ രൂപത്തില്‍. പിന്നെ റാന്നിയെ പൂര്‍ണ്ണമായും മുക്കി കളഞ്ഞ മഹാപ്രളയം. ഇപ്പോള്‍ ലോക മഹാമാരിയായി പ്രഖ്യാപിച്ച കൊറോണയുടെ വരവും കേരളത്തില്‍ രണ്ടാമതാദ്യം റാന്നിയില്‍. പിന്നോക്കാവസ്‌ഥയില്‍ നിന്നും പിച്ച വെച്ച് കരകയറി വന്ന താലൂക്കിനെ അര നൂറ്റാണ്ടു പിന്നോട്ടെറിഞ്ഞതായിരുന്നു റാന്നി വലിയ പാലത്തിന്റെ തകര്‍ച്ച. 1996 ജൂലായ് 29 നാണ് പമ്പാ നദിക്കു കുറുകെയുണ്ടായിരുന്ന വലിയ പാലം തകര്‍ന്നു വീണത്. ഇരു കരകളിലുമായി ഒരു ബന്ധവുമില്ലാതെ റാന്നി കിടന്നതോടെ ജനങ്ങള്‍ കടുത്ത ദുരിതത്തിലായി. റാന്നിയുടെ എല്ലാ പ്രൗഢിയും നഷ്‌ടപ്പെട്ട ദുരന്തമായിരുന്നു വലിയ പാലത്തിന്റെ തകര്‍ച്ച. പിന്നീട് നദിയിലെ കടത്തു വള്ളവും ജങ്കാര്‍ സര്‍വീസും മാസങ്ങള്‍ക്കു ശേഷം പട്ടാളം നിര്‍മിച്ച ബെയ്‌ലി പാലവുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കിയ റാന്നിക്കാര്‍ പുതിയ പാലം യാഥാര്‍ഥ്യമായതോടെയാണ് ജീവിതത്തിലേക്കു തിരിച്ചു വന്നത്. ഇത്രയം കാലം കൊണ്ട് റാന്നി വികസന കാര്യത്തില്‍ അര നൂറ്റാണ്ടിലേറെ പിന്നോട്ടു പോയി. പാലത്തിന്റെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ഏറെ പാടുപെട്ടെങ്കിലും ഒന്നര പതിറ്റാണ്ടു കൊണ്ട് കാര്യങ്ങള്‍ ഏറെക്കുറെ നല്ല നിലയില്‍ എത്തി.
എന്നാല്‍ 2018ല്‍ പമ്പാ നദിയിലുണ്ടായ മഹാ പ്രളയം റാന്നിയെ പൂര്‍ണമായും തകര്‍ത്തു. സമസ്‌ത മേഖലയിലും കണ്ണീര്‍ മാത്രമാക്കിയ മഹാപ്രളയം അടങ്ങിയപ്പോള്‍ റാന്നിയും പരിസരങ്ങളും ചെളിക്കുണ്ടു മാത്രമായി മാറിയിരുന്നു. പമ്പാനദിയൊഴുകുന്ന പ്രദേശങ്ങളായ തോണിക്കടവ്, അത്തിക്കയം, പെരുനാട്, മാടമണ്‍, വടശേരിക്കര, ഇടക്കുളം, ഐത്തല, റാന്നി, അങ്ങാടി, പുല്ലൂപ്രം,വരവൂര്‍, ഇടപ്പാവൂര്‍, കീക്കൊഴൂര്‍, പുതമണ്‍, ചെറുകോല്‍പ്പുഴ എന്നീ തീരമേഖലകളില്‍ ചെളിമണ്ണടിഞ്ഞത് വന്‍തോതിലാണ്. എല്ലാവര്‍ക്കും കനത്ത നഷ്‌ടം ഉണ്ടായെങ്കിലും വ്യാപാര മേഖലയെയാണ് പ്രളയം ഏറെ നശിപ്പിച്ചത്. പുനുജ്ജീവനം സ്വപ്‌നം കണ്ട് കളത്തിലിറങ്ങിയ പലരും ഒരു കേന്ദ്രത്തില്‍ നിന്നും സഹായം കിട്ടാതെ പിന്‍വാങ്ങി. സമരങ്ങളും സഹായ പ്രഖ്യാപനങ്ങളും മുറപോലെ നടന്നു. കടമെടുത്തും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്താലും വ്യാപാരം പുനസ്‌ഥാപിച്ചവര്‍ വീണ്ടും കടക്കെണിയിലുമായി. മഹാ പ്രളയത്തില്‍ നിന്നും ഒട്ടും കരകയറാനാകാതെ റാന്നി കഴിയുമ്പോഴാണ് കടല്‍ കടന്ന് കൊറോണാ വൈറസ് ഇവിടെയും എത്തിയത്.
ഇറ്റലിയില്‍ നിന്നെത്തിയ നാട്ടുകാരന്റെ രൂപത്തില്‍ റാന്നിയിലെ വ്യാപാര മേഖലയ്‌ക്ക് ഈ വരവ് സമ്മാനിച്ചത് കണക്കു കൂട്ടലുകള്‍ക്ക് അതീതമായ പ്രഹരമാണ്. കൊറോണ സ്‌ഥിരീകരിച്ച മാര്‍ച്ചിലെ ആ ഞായറാഴ്‌ച കഴിഞ്ഞുള്ള ദിനങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതായിരുന്നു റാന്നിയിലെ വ്യാപാരം. മിക്ക കടകളും അടഞ്ഞു കിടന്നു. തുറന്ന കടകളിലാകട്ടെ ആരും എത്തിയുമില്ല. പിന്നീട് ലോക്ക്ഡൗണ്ണും കണ്ടൈന്‍മെന്‍റ് സോണുകളുമായി ദുരിതത്തിന്‍റെ ഘോഷയാത്ര. മഹാ പ്രളയത്തിന്റെ ദുഖം മറക്കാന്‍ റാന്നിക്കാര്‍ ശ്രമിക്കുമ്പോഴാണ് അടുത്ത ദുരന്തമായി കൊറോണ എത്തിയത്. എന്തായാലും ഇടയ്‌ക്കിടെ റാന്നിക്കാര്‍ക്ക് സമ്മാനിക്കുന്ന ദുരന്തങ്ങള്‍ ജനങ്ങളെ ആകെ ആശങ്കാകുലരാക്കുകയാണ്.