ന്യൂഡല്‍ഹി : സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ചുള്ള സൈനിക ബഹുമതികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ നാല് സൈനികര്‍ക്കാണ് കീര്‍ത്തിചക്ര പുരസ്‌കാരം. 2023 സെപ്തംബറില്‍ ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കേണല്‍ മന്‍പ്രീത് സിങ് കൊല്ലപ്പെട്ടത്. കേണല്‍ മന്‍പ്രീത് സിങ്ങിനെ കൂടാതെ, കരസേനയില്‍ നിന്നുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കീര്‍ത്തി ചക്ര ലഭിച്ചു. സൈനികനായ രവി കുമാര്‍, മേജര്‍ എം നായിഡു എന്നിവരാണ് കീര്‍ത്തിചക്രയ്ക്ക് അര്‍ഹരായവര്‍. കേണല്‍ മന്‍പ്രീത് സിങ് രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു.
അനന്ത്നാഗ് ജില്ലയിലെ കൊക്കര്‍നാഗ് മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 രാഷ്ട്രീയ റൈഫിള്‍സിലെ (ആര്‍ആര്‍) കേണല്‍ സിങ്, മേജര്‍ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ മുസാമില്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.