കമ്പനി മുതലാളിയെ സേവിക്കുന്ന ചില ഉദ്യോഗസ്ഥരാണ് പല അന്വേഷണങ്ങളും അട്ടിമറിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത്
കൊച്ചി: നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ വെറും പ്രഹസനമായി മാറുമ്പോള്‍ ടണ്‍ കണക്കിന് മുക്കുപണ്ടങ്ങള്‍ കമ്പനിയുടെ ആസ്തിയായി മാറുകയാണ്. ഇങ്ങനെ പെരുപ്പിച്ചു കാണിക്കുന്ന ആസ്തിയെ അടിസ്ഥാനമാക്കിയാണ് NCD ഇറക്കുവാന്‍ റിസര്‍വ് ബാങ്ക് NBFC കള്‍ക്ക് അനുമതി നല്‍കുന്നത്. NBFC കളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ തന്നെ ഇവരുടെ തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്നുവോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. കേരളത്തിലെ ചില NBFC കളുടെ ബ്രാഞ്ചുകളില്‍ പണയ സ്വര്‍ണ്ണമായി ഇരിക്കുന്നതിൽ ഭൂരിഭാഗവും മുക്കുപണ്ടങ്ങളാണ്. ഉടമകൾ തന്നെയാണ് ഇതിന്റെയെല്ലാം പിന്നില്‍. ഇവിടെയാണ് റിസർവ്വ് ബാങ്കിന്റെ പരിശോധനയിലെ വീഴ്ചകൾ ഈ മേഖലയിലെ വിദഗ്ദരും NBFC കളിലെ ജീവനക്കാരും മുൻ ജീവനക്കാരുമുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രത്യേക ഇടവേളകളില്‍ റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥർ NBFC കളില്‍ പരിശോധന നടത്തണം. സര്‍പ്രൈസ് വിസിറ്റും പരിശോധനയും നടത്തേണ്ട ഇവര്‍ തങ്ങള്‍ എന്നാണ് വരുന്നതെന്ന് മുന്‍കൂട്ടി കമ്പനി ഉടമയെ അറിയിച്ചതിനു ശേഷമാണ് പരിശോധനക്ക് വരുന്നതെന്നാണ് വിവരം. ഇവര്‍ എത്തുന്ന ദിവസത്തെ സര്‍വ്വ ചെലവുകളും കമ്പനി ഉടമയാണ് വഹിക്കുക. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമുള്ള ബ്രാഞ്ചുകള്‍ പരിശോധിക്കാമെന്നിരിക്കെ കമ്പനി ഉടമയാണ് തങ്ങളുടെ ഏതൊക്കെ ബ്രാഞ്ചില്‍ പരിശോധിക്കണമെന്ന് തീരുമാനിക്കുന്നത്. ഇതനുസരിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഇവിടെ പരിശോധിക്കുമ്പോള്‍ ഒരു തെറ്റുകളും കണ്ടെത്താന്‍ കഴിയില്ല. കാരണം ഒരാഴ്ച മുമ്പേ ഈ ബ്രാഞ്ചിലെ കണക്കുകളും രേഖകളുമൊക്കെ കൃത്യമാക്കിയിരിക്കും. പരിശോധനയില്‍ മുക്കുപണ്ടത്തിന്റെ ഒരുതരിപോലും കണ്ടെത്താന്‍ കഴിയില്ല. എങ്കിലും പരിശോധനയില്‍ എന്തെങ്കിലും വീഴ്ചകള്‍ കണ്ടുപിടിച്ചതായി കാണിച്ച് ഒരു ചെറിയ ഫൈനും ഈടാക്കും. ഇതോടെ റിസര്‍വ് ബാങ്കിന്റെ പരിശോധനയും ഉത്തരവാദിത്വവും കഴിഞ്ഞു.
തന്നെയുമല്ല ആയിരത്തിലധികം ബ്രാഞ്ചുകള്‍ ഉള്ള NBFC യില്‍ പരിശോധന നടത്തുന്നത് നാലോ അഞ്ചോ ബ്രാഞ്ചുകളില്‍ മാത്രമാണ്, അതും ഹെഡ് ഓഫീസിന് സമീപമുള്ള ബ്രാഞ്ചുകളില്‍ മാത്രം. ഇന്ന് പലരുടെയും ശാഖകള്‍ കേരളത്തിനു പുറത്താണ്. ഇവിടങ്ങളില്‍ ഇത്തരമൊരു പരിശോധന നടക്കാറേയില്ല. അതായത് NBFC കളുടെ പ്രവര്‍ത്തനം പരിശോധിക്കേണ്ട റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. പരിശോധന കഴിയുന്നതോടെ ഇവിടേയ്ക്ക് വീണ്ടും HO ഗോള്‍ഡ് എന്നപേരിലുള്ള മുക്കുപണ്ടം എത്തും. ചില സ്ഥാപനങ്ങള്‍ അവരുടെ പ്രധാന ബ്രാഞ്ചുകള്‍ക്ക് സമീപം പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത ഒരു മുറികൂടി വാടകയ്ക്ക് എടുത്തിരിക്കും. ഇവിടെ ബോര്‍ഡോ അടയാളങ്ങളോ യാതൊന്നും ഉണ്ടാകാറില്ല. ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുന്ന വിവരം അറിഞ്ഞാലുടന്‍ മാറ്റേണ്ട രേഖകളും പണ്ടങ്ങളും ഈ മുറിയിലേക്ക് മാറ്റും. മിക്ക NBFC കളും ഈ രീതി അവലംബിക്കുന്നുണ്ട്.
NBFC കളിൽ പരിശോധനക്കെത്തുന്ന ചില ഉദ്യോഗസ്ഥർ കമ്പനിയുടെ വി.ഐ.പികളാണ്. ആഢംബര ഹോട്ടലുകളിൽ വിരുന്നും കായലില്‍ ബോട്ടിങ്ങുമൊക്കെ സാധാരണയാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വിധേയത്വം ഈ കമ്പനിയോട് ഉണ്ടാകും. ഇവരാണ് പരിശോധനക്ക് വരുന്നതിനു മുമ്പ് കമ്പനി മുതലാളിക്ക് വിവരങ്ങള്‍ നല്‍കുന്നത്. ഏതെങ്കിലും നിക്ഷേപകന്‍ പരാതി നല്‍കിയാല്‍ അതൊക്കെ ചോര്‍ത്തി കമ്പനി മുതലാളിക്ക് നല്‍കും. റിസര്‍വ് ബാങ്കിന് നല്‍കുന്ന പരാതികളില്‍ കാര്യമായ അന്വേഷണങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് നിക്ഷേപകര്‍ പൊതുവേ പരാതി പറയാറുണ്ട്. കമ്പനി മുതലാളിയെ സേവിക്കുന്ന ചില ഉദ്യോഗസ്ഥരാണ് പല അന്വേഷണങ്ങളും അട്ടിമറിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതെന്നാണ് വിവരം.
ഇവിടെ വേലി തന്നെ വിളവ് തിന്നുമ്പോൾ കമ്പനിയിലെ പണയപ്പണ്ടങ്ങൾ മുക്കുപണ്ടങ്ങളായി തുടരും. വീണ്ടും വിണ്ടും മുക്കുപണ്ട പണയത്തിലൂടെ കോടികൾ കമ്പനിക്ക് പുറത്തെത്തിക്കാൻ മുതലാളിക്ക് അവസരമൊരുങ്ങും. ഇതൊക്കെ ബിനാമി പേരുകളില്‍ തോട്ടങ്ങളും ബിസിനസ്സുകളും വ്യാപാര സമുച്ചയങ്ങളുമൊക്കെയായി മാറിക്കഴിയുമ്പോള്‍ മുതലാളി തന്നെ കമ്പനി പൂട്ടാനുള്ള സാഹചര്യം ഒരുക്കും. കാരണം NCD യിലൂടെ വാങ്ങിയ പണം തിരികെ കൊടുക്കുവാന്‍ കമ്പനിയുടെ ലോക്കറില്‍ ഒന്നുമുണ്ടാകില്ല എന്നതുതന്നെ. കുറച്ചുനാള്‍ ജയിലില്‍ കിടന്നാലും സാരമില്ലെന്ന നിലപാടിലേക്ക് പലരും എത്തിക്കഴിഞ്ഞു. ഇവിടെ നഷ്ടം നിക്ഷേപകർക്ക് മാത്രമാണ്. >>> സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/ >>> തുടരും ……
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].