പത്തനംതിട്ട : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ശബരിമല ഭക്തർ നേരിടുന്ന ദുരിതങ്ങൾ അവരുമായി സംസാരിച്ച് നേരിട്ട് മനസ്സിലാക്കി. ശബരിമലയിൽ പൂർണ്ണ അരാജകത്വമാണെന്ന് യു.ഡി.എഫ് സംഘം പറഞ്ഞു. കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ജി പ്രസന്നകുമാർ, സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.പി.സാജു, മുസ്ലീം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായി എന്നിവർ അടങ്ങുന്ന സംഘമാണ് യു.ഡി.എഫ് സംസ്ഥാന സമിതിയുടെ നിദ്ദേശ പ്രകാരം സന്ദർശനം നടത്തിയത്.
ശബരിമല ദർശനത്തിനായി എത്തിയ അയ്യപ്പന്മാരുമായി നേരിട്ട് സംസാരിച്ച അവർ കെ.എസ്.ആർ.ടി സി, പോലീസ്, ദേവസ്വം അധികൃതരുമായി സംസാരിച്ച് ഭക്തർ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി പി.എ സലീം, യു.ഡി.എഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ആർ.എസ്.പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി. മധുസൂധൻ പിളള, സി.എം.പി ജില്ലാ സെക്രട്ടറി തങ്കമ്മ രാജൻ എന്നിവർ യു.ഡി.എഫ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ശബരിമല ദർശനം സുഗമമാക്കുവാനോ ദുരിതങ്ങൾ പരിഹരിക്കുവാനോ യാതൊരു നടപടിയും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും സർക്കാർ സംവിധാനം ശബരിമലയിൽ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും മോൻസ് ജോസഫും പറഞ്ഞു. നിലക്കൽ കെ.എസ്.ആർ.ടി സി ബസ് സ്‌റ്റാന്റിൽ ബസ്സുകളിൽ കയറി എ.സി പോലും പ്രവർത്തിക്കാതെ ഭക്തരെ കുത്തി നിറച്ചത് നേരിട്ട് മനസ്സിലാക്കി. പമ്പയിൽ എത്തിയ സംഘം ദർശനത്തിനായി എത്തിച്ചേന്ന് മണിക്കൂറുകളോളം വെയിലത്ത് നില്ക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ സ്വാമിമാരുമായി സംസാരിച്ചു.
സന്ദർശനം നടത്തിയ യു.ഡി.എഫ് സംഘം പമ്പയിൽ യോഗം ചേർന്ന് യു.ഡി.എഫ് സംസ്ഥാന സമിതിക്ക് സമർപ്പിക്കേണ്ട റിപ്പോർട്ടിനെക്കുറിച്ച് ചർച്ച ചെയ്തു. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ശബരിമലയിൽ എത്തുന്ന ഭക്തരോട് കാട്ടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെതിരെ നിയമ നടപടികൾ ഉൾപ്പെടെ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സംഘം യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് യോഗത്തിന് ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.