കല്‍പ്പറ്റ: മേപ്പാടി റെയിന്‍ ഫോറസ്റ്റ് ഹോംസ്റ്റേയില്‍ ടെന്റില്‍ താമസിച്ചിരുന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടാന്‍ കാരണം നടത്തിപ്പുകാരുടെ ആലംഭാവമെന്ന് വനംവകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ഉന്നത അധികൃതര്‍ക്ക് റിപ്പോര്‍ട്ടുനല്‍കുമെന്ന് മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ വ്യക്തമാക്കി. കണ്ണൂര്‍ സ്വദേശി ഷഹാന (26) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഇവരുടെ കൂടെയുള്ള രണ്ടു പേര്‍ സുരക്ഷിതരാണ്.
താമസക്കാര്‍ക്ക് യാതൊരു സുരക്ഷ സംവിധാനവും ഏര്‍പ്പെടുത്താതെയാണ് ഇവിടെ ഹോംസ്റ്റേ പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രാഥമീക അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഇതുവരെ ഇവിടെ ദാരുണസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മേപ്പാടിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ ചെമ്പറ പീക്ക് വനമേഖലയിലാണ് ഹോംസ്റ്റേ സ്ഥിതിചെയ്യുന്നത്. മൂന്നുവശവും വനമാണ്. വനമേഖലയില്‍ നിന്നും കഷ്ടിച്ച് 5-10 മീറ്റര്‍ അകലത്തിലാണ് ഇവിടെ ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. ഈ ഭാഗത്ത് വനത്തില്‍ കാട്ടനകൂട്ടത്തിന്റെ സാന്നിദ്ധ്യം നേരത്തെമുതലുണ്ടെന്നും ഇക്കാര്യം ഹോംസ്റ്റേ നടത്തിപ്പുകാര്‍ അറിയാതിരിക്കാന്‍ വഴിയില്ലെന്നുമാണ് വനംവകുപ്പധികൃതരുടെ വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ സുരക്ഷയൊരുക്കാതെ വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ അവസരമൊരുക്കിയതാണ് യുവതി ആനയുടെ ആക്രണത്തില്‍ കൊല്ലപ്പെടാന്‍ കാരണമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ വ്യക്തമാക്കി.
വനാതിര്‍ത്തിയില്‍ ഇലട്രിക് ഫെന്‍സിങ് സ്ഥാപിച്ചോ കിടങ്ങുകള്‍ തീര്‍ത്തോ സുരക്ഷയൊരുക്കിയിരുന്നെങ്കില്‍ ഇന്നലത്തെ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ താമസക്കാരുടെ സുരക്ഷയ്ക്കായി യാതൊരുസംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും റെയിഞ്ച് ഓഫീസര്‍ പറഞ്ഞു. പാട്ടത്തിനെടുത്ത സ്ഥലത്ത് ബത്തേരി സ്വദേശി സുനീറാണ് ഹോംസ്റ്റേ നടത്തിവന്നിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഹോം സ്റ്റേ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പേരിനുപോലുമില്ലാത്ത പ്രദേശമായതിനാല്‍ ഇവിടെ എന്തുനടന്നാലും പുറത്തറിയാന്‍ മണിക്കൂറുകളെടുക്കമെന്നതാണ് സ്ഥിതി. ഇന്നലെ രാത്രി റിസോര്‍ട്ടിനകത്ത് പോയി ടെന്റിലേയ്ക്കു മടങ്ങുമ്പോഴാണ് യുവതിക്കുനേരെ ആനയുടെ ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്തുതന്നെ യുവതി മരിച്ചിരുന്നു.