കോഴിക്കോട്: താമരശേരി കാരാടിയിൽ ടൂറിസ്റ്റ് ഹോം ജീവനക്കാരനുനേരെ മദ്യപ സംഘത്തിന്‍റെ ആക്രമണം. ടൂറ്റിസ്റ്റ് ഹോം പരിസരത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പരിക്കേറ്റ ജീവനക്കാരൻ അൻസാറിന്‍റെ പരാതിയിൽ താമരശേരി പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. കാരാടിയിലെ മൌണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം പരിസരത്ത് വെച്ച് മദ്യപിക്കുകയായിരുന്നു ഒരുപറ്റം യുവാക്കൾ. സിസിടിവിയിലൂടെ ടൂറിസ്റ്റ് ഹോം ജീവനക്കാരൻ അൻസാർ ഇവര്‍ മദ്യപിക്കുന്നത് കണ്ടു. തുടര്‍ന്ന് പുറത്തേക്ക് ചെന്ന് മദ്യപാനം വിലക്കി. അവിടെ നിന്ന് മദ്യപിക്കരുതെന്ന് അൻസാര്‍ സംഘത്തോട് പറഞ്ഞു. ഇതിലുള്ള പ്രകോപനമാണ് മർദനത്തിൽ കലാശിച്ചത്. സ്കൂട്ടറിന്‍റെ ബൂട്ടിൽ സൂക്ഷിച്ചിരുന്നു വടി വാളിന് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു മർദനം. ഇതേ സമയം ടൂറിസ്റ്റ് ഹോമിലെ നെറ്റ് വർക്ക് നന്നാക്കാനെത്തിയ അൻസാറിന്‍റെ സുഹൃത്ത് ലബിബ് മർദനം തടയാനെത്തി.
ലബിബിനേയും അക്രമികൾ വെറുതെ വിട്ടില്ല. ലബിബിന്‍റെ കൈയ്ക്കും പരിക്കേറ്റു. മര്‍ദനത്തിൽ ഇടതുകൈ ഒടിയുകയായിരുന്നു. അൻസാറിന്‍റെയും ലബീബിന്‍റെയും പരാതിയിൽ താമരശേരി പൊലീസ് കേസെടുത്തു. സിദ്ദീഖ് ജുനൈദ്, ആശിഖ് എന്നിവരെ പ്രതിചേർത്താണ് എഫ്ഐആർ. കണ്ടാൽ തിരിച്ചറിയാത്ത രണ്ടുപേർ കൂടി ആക്രമികളിലുണ്ടായിരുന്നവെന്നാണ് വിവരം. പ്രതികൾ എല്ലാവരും ഒളിവലാണ്. ഇവർക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. പരിക്കേറ്റ അൻസാറും ലബീബും ആശുപത്രിയിൽ ചികിത്സ തേടി. ടൂറിസ്റ്റ് ഹോമിന്‍റെ മുന്നിൽ വെച്ച് മദ്യപിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു. തുടര്‍ന്ന് അവിടെയിരുന്ന് മദ്യപിക്കരുതെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നും സ്കൂട്ടറിൽ നിന്ന് വടി വാള്‍ പോലത്തെ ആയുധമെടുത്ത് വീശുകയായിരുന്നുവെന്നും അൻസാറിന്‍റെ സുഹൃത്ത് പറഞ്ഞു.