കാമ്രിക്ക് ഡിസംബർ ഇളവുകളുമായി ടൊയോട്ട. കാമ്രിയുടെ സെൽഫ് ചാർജിങ് ഇലക്ട്രിക് ഹൈബ്രിഡിന്റെ എംസി, എംസി പിഡബ്ല്യു മോഡലുകൾക്ക് 2.60 ലക്ഷം രൂപ വരെ ഇളവുകളാണ് ടൊയോട്ട നൽകുന്നത്. ക്യാഷ് ഡിസ്കൗണ്ടായി 80000 രൂപ, ടൊയോട്ട ഫിനാൻസിൽ നിന്ന് കാർ ലോൺ എടുക്കുകയാണെങ്കിൽ ടിഎപ്എസ് ബെനിഫിറ്റായി നൽകുന്ന 1.60 ലക്ഷം രൂപ, കോർപ്പറേറ്റ് ബോണസായി നൽകുന്ന 20000 രൂപയും ചേർന്നാണ് 2.60 ലക്ഷം രൂപ ഡിസ്കൗണ്ട് നൽകുന്നത്. ഈ മാസം അവസാനം വരെയാണ് ഇളവുകളുടെ കാലവാധി. മൂന്നു പതിറ്റാണ്ടിലധികമായി രാജ്യാന്തര വിപണിയിൽ സെഡാനുകളുടെ രാജാവായി നിലകൊള്ളുന്ന കാമ്രിയുടെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിയത് കഴിഞ്ഞ വർഷം ആദ്യമാണ്. 2.5 ലീറ്റർ പെട്രോൾ എൻജിനും 245 V വൈദ്യുത മോട്ടറുമാണ് വാഹനത്തിൽ. പെട്രോൾ എൻജിന് 178 പിഎസ് കരുത്തും 221 എംഎം ടോർക്കും പെർമനെന്റ് മാഗ്‌നെറ്റ് സിഗ്രണൈസ് മോട്ടറിന് 120 പിഎസ് കരുത്തും 202 എൻഎം ടോർക്കുമുണ്ട്. ഇലക്ട്രിക് മോട്ടറും പെട്രോൾ എൻജിനും ചേർന്ന് വാഹനത്തിന് 218 എച്ച്പി കരുത്തു പകരും.
ഇ–സിവിടി ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന് സ്പോർട്, ഇക്കോ, നോർമൽ ഡ്രൈവ് മോഡുകളുണ്ട്. ഡ്രൈവിങ്ങിൽ സ്വയം ചാർജാകുന്ന നിക്കൽ മെറ്റൽ ഹൈഡ്രേഡ് ബാറ്ററിയാണ് കാറിൽ. ബാറ്ററിക്ക് 8 വർഷം അഥവാ 1.6 ലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്. 9 എയർബാഗ് അടക്കം ഒട്ടേറെ സുരക്ഷാ സംവിധാനങ്ങൾ. രണ്ടു മോഡലുകളിലായി ലഭിക്കുന്ന കാമ്രിയുടെ എംസി വേരിയന്റിന് 46.17 ലക്ഷം രൂപയും എംസി പിഡബ്ല്യു വേരിയന്റിന് 46.32 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.