ഇന്ത്യയിലെ എംപിവി വിപണിയിൽ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ (Toyota Innova Crysta). ഇന്നോവയുടെ ഈ മോഡൽ പുതിയ ഹൈക്രോസ് ഹൈബ്രിഡ് വാഹനം വന്നിട്ടും ജനപ്രിതി ഒട്ടും കുറയാതെ വിപണിയിൽ നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ധൈര്യപൂർവം വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. 37000 രൂപ വരെയാണ് ഈ വാഹനത്തിന് കൂട്ടിയിരിക്കുന്നത്. വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് വില വർധനവ്. ചില വേരിയന്റുകളുടെ വിലയിൽ കമ്പനി മാറ്റവും വരുത്തിയിട്ടില്ല.
ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ബേസ് എൻട്രി ലെവൽ GX വേരിയന്റിന് കമ്പനി വില വർധിപ്പിച്ചിട്ടില്ല. ഈ മോഡലിന് 19.99 ലക്ഷം രൂപയാണ് ഇന്ത്യയിൽ എക്സ്-ഷോറൂം വില. ഈ വില അതേപടി തുടരും. മിഡിൽ വേരിയന്റായ VX എന്ന മോഡലിന്റെ 7 സീറ്റർ, 8 സീറ്റർ പതിപ്പുകൾക്ക് വില കൂടിയിട്ടുണ്ട്. 35,000 രൂപ വരെയാണ് ഈ വേരിയന്റുകൾക്ക് വർധിപ്പിച്ചത്. ഇതോടെ ഇവയുടെ എക്സ് ഷോറൂം വില 24.39 ലക്ഷം രൂപ മുതൽ 24.44 ലക്ഷം രൂപ വരെയായി വർധിച്ചിട്ടുണ്ട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും ഉയർന്ന വേരിയന്റാണ് ZX. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് കൂടുതൽ മികച്ച സവിശേഷതൾ നൽകുന്ന ഈ മോഡലിനാണ് കമ്പനി ഇപ്പോൾ ഏറ്റവും കൂടുതൽ വില വർധിപ്പിച്ചിരിക്കുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ZX വേരിയന്റിന് നേരത്തെ 25.68 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില. ഇപ്പോൾ 37000 രൂപയാണ് ഈ വേരിയന്റിന് വർധിച്ചിരിക്കുന്നത്. ഇതോടെ വാഹനത്തിന്റെ എക്സ് ഷോറൂം വില 26.05 ലക്ഷം രൂപയായി ഉയർന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഒരു എഞ്ചിൻ ഓപ്‌ഷനിൽ മാത്രമാണ് ലഭ്യമാകുന്നത്. 2.4 ലിറ്റർ 4 സിലിണ്ടർ യൂണിറ്റാണ് ഇത്. ഈ എഞ്ചിൻ 3400 ആർപിഎമ്മിൽ 147.51 ബിഎച്ച്പി പവറും 1400-2800 ആർപിഎമ്മിൽ 343 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മുന്നിൽ ടോർഷൻ ബാറുള്ള ഡബിൾ വിഷ്ബോണും പിന്നിൽ കോയിൽ സ്പ്രിംഗോടുകൂടിയ 4-ലിങ്കുമാണ് വാഹനത്തിലെ സസ്പെൻഷൻ സെറ്റപ്പിലുള്ളത്. വാഹനത്തിന്റെ മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് കമ്പനി നൽകിയിട്ടുള്ളത്.
ഇന്നോവ ക്രിസ്റ്റയ്ക്ക് ആകെ 3 വേരിയന്റുകളാണുള്ളത്. ഈ വേരിയന്റുകളെല്ലാം എല്ലാം ഡീസൽ എഞ്ചിനും മാനുവൽ ട്രാൻസ്മിഷനുമായി മാത്രം വരുന്നു. ആദ്യത്തെ രണ്ട് വേരിയന്റുകളും 7, 8 സീറ്റർ പതിപ്പുകളിൽ ലഭ്യമാണ്. ടോപ്പ് എൻഡ് വേരിയന്റായ ZX 7 സീറ്റർ പതിപ്പിൽ മാത്രമേ ലഭ്യമാകൂ. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് 5 വ്യത്യസ്ത കളർ ഓപ്ഷനുകളും ഉണ്ട്. സിൽവർ, അവന്റ് ഗാർഡ് ബ്രൌൺസ്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, സൂപ്പർ വൈറ്റ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യൻ വിപണിയിലെ വളരെ ശ്രദ്ധേയമായ വാഹനങ്ങളിൽ ഒന്നാണ്. കുടുംബങ്ങൾക്കും വാണിജ്യ ടാക്സി ഡ്രൈവർമാർക്കും പ്രിയപ്പെട്ട മോഡൽ കൂടിയാണിത്. ഇന്നോവ ക്രിസ്റ്റ ടൊയോട്ടയുടെ ബ്രാൻഡ് വാല്യു സംരക്ഷിക്കുന്ന മോഡലാണ്. കമ്പനിയോടുള്ള വിശ്വാസ്യത നിലനിർത്താൻ ഈ മോഡൽ സഹായിക്കുന്നു. ടൊയോട്ടയുടെ മികച്ച സർവ്വീസും ഈ വാഹനം വാങ്ങുന്നതിനുള്ള കാരണമാണ്.