കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡിലിരിക്കെ ഫോണ്‍ വഴി ഫേസ്ബുക് ഉപയോഗിച്ചതിന് അഞ്ചു പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന ജയില്‍ ഡി.ജി.പിയുടെ അപേക്ഷ വിചാരണ കോടതി തള്ളി. പ്രതികള്‍ ചെയ്തതായി ആരോപിക്കുന്ന കുറ്റത്തിന് ജയില്‍മാറ്റം ഉചിതവും ഫലപ്രദവുമായ പ്രതിവിധിയല്ലെന്നും ജയിലിലെ നിയമവിരുദ്ധ നടപടികള്‍ കര്‍ശനമായി തടയുകയാണ് വേണ്ടതെന്നും കണ്ടെത്തിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടിയുടെ നടപടി. അവസാന ഘട്ടത്തിലത്തെിയിരിക്കുന്ന കേസില്‍ എല്ലാ വിചാരണ ദിവസവും പ്രതികള്‍ നേരിട്ട് ഹാജരാകണമെന്നില്ലെങ്കിലും ചില ദിവസമെങ്കിലും കേസില്‍ പ്രതികളുടെ സാന്നിധ്യം ആവശ്യമായിവരുമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോട് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യമില്ല. ക്രിമിനല്‍ നടപടിക്രമം 273 പ്രകാരം കേസില്‍ തെളിവെടുപ്പ് നടപടികള്‍ പ്രതികളുടെ സാന്നിധ്യത്തിലായിരിക്കണം. പ്രതികളെ തിരുവനന്തപുരത്തേക്ക് മാറ്റിയാല്‍ അവിടെനിന്ന് വിചാരണ ദിവസം കോഴിക്കോട്ട് എത്തിക്കാന്‍ പ്രയാസമാകും. അതിനാല്‍, കോഴിക്കോട്ട് തന്നെ തങ്ങുന്നതാണ് എളുപ്പം. വിചാരണ തടവുകാര്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ കര്‍ശനമായി തടയണം. ജയിലില്‍ ഫലപ്രദമേല്‍നോട്ടവും നിയന്ത്രണവുമാണ് വേണ്ടത്. ഇതിനുപകരം പ്രതികളെ മാറ്റുന്നത് അവരുടെ അവകാശം ലംഘിക്കലും സുഗമവും നീതിപൂര്‍വവുമായ വിചാരണ നടപടികള്‍ക്ക് എതിരുനില്‍ക്കലുമാവുമെന്നും ഉത്തരവിലുണ്ട്.
ഫേസ്ബുക്കില്‍ പടങ്ങള്‍ വരുത്താന്‍ പ്രതികള്‍ ജയിലില്‍ നിരോധിച്ച കാമറ, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിച്ചതായ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജയിലധികൃതര്‍ കസബ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍, അഞ്ചു പ്രതികളെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ജയില്‍ ഡി.ജി.പിയുടെ അപേക്ഷ. രാവിലെ പ്രോസിക്യൂഷന്‍ വാദത്തിന് ശേഷം പ്രതിഭാഗം അഭിഭാഷകര്‍ അപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് വൈകുന്നേരം നാലുമണിക്കാണ് കോടതി വിധി പറഞ്ഞത്. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ അനൂപ്, കിര്‍മാനി മനോജ്, കൊടി സുനി, അഞ്ചും ആറും പ്രതികളായ കെ.കെ. മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ മാറ്റണമെന്നായിരുന്നു ആവശ്യം.