കൊച്ചി : ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച ഹൈക്കോടതി രണ്ടു പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കി ശിക്ഷാവിധി കടുപ്പിച്ചു. ഒൻപത് കുറ്റവാളികളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നതിനായി അവരെ കോടതിയിൽ ഹാജരാകാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ കുറ്റവിമുക്തനാക്കിയ നടപടി ശരിവച്ചു. സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗമായിരുന്ന കെ.കെ. കൃഷ്ണൻ, കണ്ണൂർ കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിയംഗമായിരുന്ന ജ്യോതിബാബു എന്നിവരെ വെറുതേവിട്ടതാണ് റദ്ദാക്കിയത്.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാനവിധി. ഒന്നു മുതൽ എട്ടു വരെ പ്രതികളായ എം.സി. അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജൻ, 13-ാം പ്രതി പി.കെ. കുഞ്ഞനന്തൻ, 18-ാം പ്രതി വാഴപ്പടച്ചി റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവുശിക്ഷയാണ് ഹൈക്കോടതി ഇന്നലെ ശരിവച്ചത്. 31-ാം പ്രതി ലംബു പ്രദീപിന്റെ മൂന്നുവർഷം തടവുശിക്ഷയും നിലനിൽക്കും.വിചാരണക്കോടതി ഒഴിവാക്കിയ ഗൂഢാലോചനക്കുറ്റം ഒന്നു മുതൽ 5 വരെ പ്രതികൾക്കും 7-ാം പ്രതിക്കും അധികമായി ചുമത്തി. വാഴപ്പടച്ചി റഫീഖിന്റെ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കി. ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ കുഞ്ഞനന്തൻ 2020ൽ മരിച്ചതിനാൽ അയാൾക്കെതിരായ നടപടികൾ അവസാനിപ്പിക്കും.