തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനോട് മോശമായി പെരുമാറിയ മുൻ ഡിജിപി ടിപി സെൻകുമാർ മാപ്പു പറയണമെന്ന് മാധ്യമപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഗുണ്ടകളുമായാണ് അദ്ദേഹം വാർത്താ സമ്മേളനത്തിന് എത്തിയത്. അവർ റഷീദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇവർക്കെതിരെ പോലീസ് കേസ് എടുക്കണം. മാധ്യമ പ്രവർത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് വലിയ അനിഷ്ട സംഭവമായി ഇത് മാറാത്തത്. വാർത്താസമ്മേളനം നടത്തുന്നവരും മാധ്യമപ്രവർത്തകരും ഒഴികെ ആരും വാർത്താസമ്മേളന ഹാളിൽ പ്രവേശിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.
അനാരോഗ്യം മറന്നു മാധ്യമ പ്രവർത്തനം നടത്തുന്നയാളാണ് റഷീദ്. അദ്ദേഹത്തിന് എല്ലാ ഐക്യദാർഢ്യവും യൂണിയൻ പ്രഖ്യാപിക്കുന്നു. സെൻകുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേൽ മാധ്യമ പ്രവർത്തകരോട് വേണ്ട. ഈ സംഭവത്തെ ഒരിക്കൽക്കൂടി അപലപിക്കുന്നതായും യൂണിയൻ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനെതിരായ വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുൻ ഡിജിപി ടി പി സെൻകുമാർ തട്ടിക്കയറുകയായിരുന്നു. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്. താങ്കൾ ഡിജിപിയായിരുന്നപ്പോൾ ഈ വിഷയത്തിൽ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോൾ സെൻകുമാർ ക്ഷുഭിതനായി.
പിൻനിരയിൽ നിന്ന് ചോദ്യം ചോദിച്ച ആളോട് പത്രക്കാരനാണോ എന്ന് ചോദിച്ച സെന്‍കുമാര്‍ അയാൾ പത്രക്കാരനല്ലെങ്കിൽ പുറത്തുപോകാൻ ആവശ്യപ്പെട്ടു. ഇയാൾ മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ സംശയം പ്രകടിപ്പിച്ചു. മുമ്പിൽ വന്ന് ചോദിക്കാൻ ആവശ്യപ്പെട്ട സെന്‍കുമാര്‍ മാധ്യമ പ്രവർത്തകനാണെന്നതിന് തെളിവ് നൽകണമെന്ന് പറഞ്ഞു. ഇതോടെ മാധ്യമ പ്രവര്‍ത്തകന്‍ മുമ്പിലേക്ക് നീങ്ങി. സംസാരിക്കുന്നത് കണ്ടാൽ മദ്യപിച്ച് സംസാരിക്കുന്നത് പോലെ തോന്നും എന്ന സെൻകുമാറിന്റെ പരാമർശത്തിന് ചോദ്യം ചോദിക്കുന്നവരോട് ഇങ്ങനെയാണോ സംസാരിക്കുകയെന്ന് മാധ്യമപ്രവര്‍ത്തകന്‍ മറുചോദ്യം ചോദിച്ചു. ഇതിനിടെയായിരുന്നു കൂടെയുണ്ടായിരുന്നു ചിലർ ചേർന്ന് ചോദ്യം ചോദിച്ചയാളെ പുറത്താക്കാനും കയ്യേറ്റം ചെയ്യാനും ശ്രമം നടത്തിയത്.