കോഴിക്കോട്: ലൈഫ് പദ്ധതിയില്‍നിന്നു പുറത്തായ അര്‍ഹതപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ വീട് നല്‍കുമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. കോഴിക്കോട്ട് ലൈഫ് മിഷന് മുഖേന വീട് ലഭിച്ച ഗുണഭോക്താക്കളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു പദ്ധതിക്കും മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടി വരും. എന്നാല്‍ പലകാരണങ്ങളാല്‍ മാനദണ്ഡം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരിലും അര്‍ഹതപ്പെട്ടവര്‍ ഉണ്ടാകും. അങ്ങനെ എല്ലാവര്ക്കും പാര്‍പ്പിടം യാഥാര്‍ഥ്യമാക്കുകയെന്നതാണു സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ലൈഫിന്റെ ഒന്നാംഘട്ടത്തില്‍ മുടങ്ങി കിടന്നിരുന്ന വീടുകളുടെ പൂര്‍ത്തീകരണവും രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവന രഹിതര്‍ക്കുള്ള ഭവന നിര്‍മാണവുമാണ് നടന്നത്. സ്ഥലവും വീടും ഇല്ലാത്തവര്‍ക്കുള്ള പാര്‍പ്പിട സമുച്ചയങ്ങളാണ് മൂന്നാംഘട്ട പദ്ധതി. ഇതിനായി 14 ജില്ലകളിലായി 56 ഫളാറ്റ് സമുച്ചയങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 10 ജില്ലകളിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടികളായതായും മന്ത്രി വിശദീകരിച്ചു.