ബേപ്പൂർ: തുറമുഖത്തുനിന്നു ലക്ഷദ്വീപിലേക്കു ചരക്കുകളുമായി പോയ ഉരു ആന്ത്രോത്ത് ദ്വീപിനു സമീപം ആഴക്കടലിൽ മുങ്ങി. അപകടത്തെ തുടര്‍ന്ന് ഉരുവിലെ ചെറിയ തോണിയിൽ സഞ്ചരിക്കുകയായിരുന്ന 6 തൊഴിലാളികളെയും അതുവഴി വന്ന മറ്റൊരു ഉരുവിലെ ആളുകൾ രക്ഷപ്പെടുത്തി തീരത്ത് എത്തിച്ചു. ബേപ്പൂരിൽനിന്നു കവരത്തി ദ്വീപിലേക്കു പുറപ്പെട്ട എംഎസ്‌വി ഷാലോം എന്ന ഉരുവാണ് ആന്ത്രോത്ത് ദ്വീപിനു 40 നോട്ടിക്കൽ മൈൽ അകലെ വ്യാഴാഴ്ച പുലർച്ചെ മുങ്ങിയത്. വെള്ളം കയറുന്നതു കണ്ടു ചെറിയ തോണിയിൽ കയറിയ തൊഴിലാളികളെ ഗ്രെയ്സ് എന്ന ഉരുവിലെ ആളുകളാണ് രക്ഷിച്ചത്.
തമിഴ്നാട് തൂത്തുക്കുടി രായർപുരം ഗോപാൽ സ്ട്രീറ്റ് സ്വദേശികളായ മിൽട്ടൺ(49), വെസെന്തി(60), മുരുകൻ(43), എൻ.എ.പി.ഹെൻറി(61), ജെ.മരിയ നാവിസ്(54), എ.ജെ.എസ്.ചോന്തവബോസ്(27)എന്നിവരെയാണ് ഉച്ചയോടെ ആന്ത്രോത്ത് പോർട്ട് അസിസ്റ്റന്റ് ഓഫിസിൽ എത്തിച്ചത്. കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ മൊഴിയെടുത്ത ശേഷം വിവരം സബ് ഡിവിഷനൽ ഓഫിസറെ അറിയിച്ചു. നാട്ടിലേക്ക് എത്തിക്കുന്നതിനു ശ്രമം തുടങ്ങിയിട്ടുണ്ട്.