തിരുവനന്തപുരം : രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് മുക്തമാകുമ്പോഴും കേരളത്തിലുണ്ടാകുന്ന വര്‍ധനവ് നിയന്ത്രിക്കാന്‍ കൂടുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കണ്ടെയിന്മെന്റ് സോണുകളും മൈക്രോ കണ്ടെയിന്മെന്റ് സോണുകളിലും പോലീസ് പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തും.
മൈക്രോ കണ്ടെയിന്മെന്റ് മേഖലകളില്‍ ഒരു വഴിയിലൂടെ മാത്രമേ യാത്ര അനുവദിക്കു. ഡി വിഭാഗത്തില്‍ പെട്രോളിംഗ്, സി വിഭാഗത്തില്‍ വാഹന പരിശോധന എന്നിവ കര്‍ശനമാക്കും. എ, ബി വിഭാഗങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കും. സി വിഭാഗത്തില്‍ നാലിലൊന്നു ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ ഉണ്ടാകു.
കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഒരാഴ്ച്ചക്കിടെയുണ്ടായത് രണ്ട് ശതമാനത്തോളം വര്‍ധനവാണ്. കഴിഞ്ഞയാഴ്ചയിലെ 10.4 ശരാശരിയില്‍ നിന്നാണ് 12 ശതമാനത്തിലേക്ക് കടന്നത്. ജൂണ്‍ ആദ്യ ആഴ്ചക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ ഏറ്റവും വലിയ വര്‍ധനവാണിത്. മൊത്തം കേസുകളില്‍ പ്രതിവാരം 14 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായും, വരും ആഴ്ചകളില്‍ ഉടനെ കേസുകള്‍ കൂടുന്നതില്‍ ഇത് പ്രതിഫലിക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്തയാഴ്ചകളില്‍ തന്നെ പ്രതിദിന കേസുകള്‍ 20,000 കടക്കുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ സംസ്ഥാനത്ത് വാക്‌സിന് ക്ഷാമം കൂടുതല്‍ രൂക്ഷമായതായാണ് റിപ്പോര്‍ട്ട്. പല ജില്ലകളിലും വാക്‌സിന്‍ തീരേയില്ലെന്നതാണ് അവസ്ഥ. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് വാക്‌സിനേഷന്‍ ഉണ്ടാകില്ല. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വാക്‌സിനെത്തിയാല്‍ മാത്രമേ ഇനി വാക്‌സിനേഷന്‍ നടക്കൂവെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്.