ഡല്‍ഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകള്‍ അടച്ചിടണമെന്ന് ഐസിഎംആര്‍. ആറുമുതല്‍ എട്ട് ആഴ്ചവരെ അടച്ചിടണമെന്നാണ് ശുപാര്‍ശ. ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രമേ രാജ്യത്ത് അതിവേഗം പടരുന്ന കോവിഡ് തരംഗത്തെ പിടിച്ചുനിര്‍ത്താനാകൂ എന്നാണ് ഐസിഎംആറിന്റെ നിഗമനം. ലോക്ഡൗണ്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണമെന്നും നിര്‍ദ്ദേശമുണ്ട്.
അതിനിടെ 44 രാജ്യങ്ങളില്‍ കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കോവിഡ് വൈറസ് b.1.167 ഇന്ത്യന്‍ വകഭേദമാണെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞിട്ടില്ല. ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടിനെപ്പറ്റി പുറത്തുവരുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വൈറസിനെ രാജ്യങ്ങളുടെ പേരു ചേര്‍ത്തുവിളിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു.