ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രണ്ടു കര്‍ഷക സംഘടന നേതാക്കളെ പുറത്താക്കി. ആസാദ് കിസാന്‍ കമ്മിറ്റി പ്രസിഡന്‍റ് ഹര്‍പാല്‍ സന്‍ഖ, ഭാരതീയ കിസാന്‍ യൂനിയന്‍ (ക്രാന്തികാരി) നേതാവ് സുര്‍ജിത് സിങ് ഫുല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പൊലീസുകാരുമായുണ്ടാക്കിയ ധാരണ തെറ്റിച്ചതിനും മുന്‍കൂട്ടി നിശ്ചയിച്ച പാതയില്‍നിന്ന് പരേഡ് വ്യതിചലിപ്പിച്ചതിനുമാണ് നടപടി.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കര്‍ഷക സംഘടന മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ജനുവരി 26ന് സംഘടിപ്പിച്ച ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പാതകളിലൂടെ പരേഡ് നടത്താനായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. എന്നാല്‍ പ്രക്ഷോഭസ്ഥലങ്ങളില് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു.