ന്യൂഡല്‍ഹി : ഇൻഡിഗോയും മഹീന്ദ്രയും തമ്മിലുള്ള ട്രേഡ്മാര്‍ക്ക് തർക്കത്തിന് കോടതിക്ക് പുറത്ത് പരിഹാരം കാണാനായില്ല. അതിനാൽ പുതിയ ഇലക്ട്രിക് വാഹനത്തിന്റെ പേര് മാറ്റാൻ മഹീന്ദ്ര തീരുമാനിച്ചു. 6ഇ എന്ന ബ്രാൻഡ് നാമം ഉപയോഗിക്കുന്നതിനെതിരെ ഇൻഡിഗോയാണ് മഹീന്ദ്രയ്ക്കെതിരെ കേസുമായി ഡൽഹി ഹൈക്കോടതിയിൽ എത്തിയത്. ഇന്ത്യയിൽ ട്രേഡ്‌മാർക്ക് തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾ സാധരണമാണ്. എന്നാൽ രാജ്യത്തെ വമ്പന്മാര്‍ തമ്മിൽ കോടതിയിൽ ബ്രാൻഡ് നാമത്തിനായി കൊമ്പ് കോർക്കുന്നത് അപൂർവമാണ്.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ കഴിഞ്ഞയാഴ്ചയാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനത്തിന് ബി.ഇ 6ഇ എന്ന് പേരിട്ടതിനെതിരെ രംഗത്തെത്തിയത്. 6 ഇ എന്നത് ഇൻഡിഗോ ട്രേഡ് മാർക്ക് നേടിയിട്ടുള്ള ബ്രാൻഡ് നാമമാണ്. പരസ്യപ്രചരണങ്ങളിലെല്ലാം ഇൻഡിഗോ ഇത് ഉപയോഗിച്ചു വരുന്നുണ്ട്. എന്നാൽ 6 ഇ എന്നു മാത്രമല്ല ബിഇ 6ഇ എന്നതാണ് വാഹനത്തിന്റെ പേരെന്നും ചേർത്ത് ഉപയോഗിക്കുന്നതിൽ ട്രേഡ്‌മാർക്ക് ബാധകമല്ലെന്നുമാണ് മഹീന്ദ്രയുടെ പ്രതികരണം. വ്യത്യസ്‌തമായ ഇൻഡസ്ട്രിയും ഉത്പന്നവുമാണെന്നും ബ്രാൻഡ് നെയിം സ്റ്റൈൽ ചെയ്തതിരിക്കുന്നത് വേറിട്ട് നിൽക്കുന്ന രീതിയിലാണെന്നും അതിനാൽ തർക്കത്തിന്റെ ആവശ്യമില്ലെന്നും മഹീന്ദ്ര പറയുന്നു.