പത്തനംതിട്ട : അഴിമതിയും ധൂര്‍ത്തുമാണ് കേരളത്തില്‍ നടക്കുന്നതെന്നും ഇതിനുവേണ്ടി സാധാരണ ജനങ്ങളെയും ചെറുകിട വ്യാപാരികളെയും സര്‍ക്കാര്‍ പിഴിയുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍ പറഞ്ഞു. അന്യായമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ നഗരസഭാ കവാടത്തിനു മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതികള്‍ അടിച്ചേല്‍പ്പിച്ച് വ്യാപാരമേഖലയെ പെട്ടിക്കുള്ളിലാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യവസായ സൌഹൃദമെന്നു പറയുന്നത് വെറും പാഴ്വാക്കാണ്. നികുതികളും കൈക്കൂലിയും ഗുണ്ടാ പിരിവുകളും നല്‍കിയാല്‍ മാത്രമേ കേരളത്തില്‍ കച്ചവടം ചെയ്യുവാന്‍ കഴിയൂ. യാതൊരു നീതീകരണവും ഇല്ലാതെയാണ് ഇപ്പോള്‍ തൊഴില്‍ നികുതി പലമടങ്ങായി വര്‍ധിപ്പിച്ചത്. ഇത് പിന്‍ വലിച്ചേ മതിയാകൂ. കടമുറികളിലെ കച്ചവടം ഉപേക്ഷിച്ച് തെരുവോര കച്ചവടവുമായി വ്യാപാരികള്‍ എത്തുന്ന സമയം വിദൂരമല്ലെന്നും പ്രസാദ് ആനന്ദഭവന്‍ പറഞ്ഞു.
വർദ്ധിപ്പിച്ച തൊഴിൽ കരം പിൻവലിക്കണമെന്നും D & 0 ലൈസൻസ് ഫീസ് മാത്രം സ്വീകരിച്ച് ലൈസൻസ് പുതുക്കി നല്‍കണമെന്നും പുതുക്കുന്നതിന് സമയം ദീർഘിപ്പിച്ച് നൽകണമെന്നതുമായിരുന്നു വ്യാപാരികളുടെ ആവശ്യം. യൂണിറ്റ് പ്രസിഡന്റ് ടി.ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് അജന്ത, ഗീവര്‍ ജോസ് കുന്നംകുളം, അബു നവാസ്, അഷറഫ് അലങ്കാര്‍, നവാസ്, അഹമ്മദ് സാലി എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണ്ണക്ക് മുന്നോടിയായി വ്യാപാര ഭവനില്‍ നിന്നും ആരംഭിച്ച പ്രകടനം ജില്ലാ സെക്രട്ടറി ശശി ഐസക് ഫ്ലാഗ് ഓഫ് ചെയ്തു. കെ.സി വര്‍ഗീസ്, ടി.വി മിത്രന്‍, പ്രകാശ് ഇഞ്ചത്താനം, ജോര്‍ജ് വര്‍ഗീസ് വോക്കേഴ്സ്, സാം പാറപ്പാട്ട്, ഉല്ലാസ്, റിയാസ് എന്നിവര്‍ നേത്രുത്വം നല്‍കി.