റാന്നി : പ്രളയജലം ഇറങ്ങിയതിനു പിന്നാലെ നാശ നഷ്ടങ്ങളിൽ കുടങ്ങിയ വ്യാപാരികൾ സ്ഥാപനങ്ങൾ കഴുകി വൃത്തിയാക്കി കാത്തിരിപ്പു തുടങ്ങിയിട്ട് രണ്ടു നാൾ. മുന്നറിയിപ്പു പ്രകാരം ഉണ്ടാകാൻ പോകുന്ന കാലവർഷക്കെടുതി കൂടി വിലയിരുത്തി മാത്രമേ സ്ഥാപനങ്ങൾ തുറക്കുന്നുള്ളൂവെന്ന തീരുമാനത്തിലാണ് പലരും.
കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിലെ പേമാരിയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മാമ്മുക്ക്, പേട്ട, ബൈപ്പാസ് ജംങ്ഷനുകളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് കൂടുതല്‍ നാശങ്ങള്‍ ഉണ്ടായത്. റാന്നി വലിയപാലം മുതല്‍ പഴവങ്ങാടിക്കര സ്കൂള്‍ ജംങ്ഷന്‍ വരെ റോഡിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു.
മാമ്മുക്കിലെ നിരവധി സ്ഥാപനങ്ങളുടെ ഷട്ടറുകള്‍ വെള്ളം കയറിയതിനെതുടർന്ന് തകരാറിലായി. വെള്ളം കയറിയ സ്ഥാപനങ്ങള്‍ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പലരും. വെള്ളം ഇറങ്ങിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും മഴ തുടരുമെന്നതിനാല്‍ വ്യാപാരികള്‍ കടുത്ത ഭയാശങ്കയിലാണ്.
വർഷാവർഷം ഉണ്ടാകുന്ന പ്രളയ നഷ്ടത്തിൽ യാതൊരു സഹായങ്ങളും കിട്ടാത്ത സാഹര്യത്തിൽ, പുതിയ നഷ്ട പരിഹാരത്തിന് അപേക്ഷയുമായി സർക്കാർ ഓഫീസിൽ കയറി സമയം കളയേണ്ടെന്ന തീരുമാനത്തിലാണ് സ്ഥാപന ഉടമകളില്‍ ചിലർ. 2018 മുതൽ തുടർച്ചയായി മൂന്ന് വർഷവും പ്രളയ നഷ്ടം നേരിടുന്നവരാണ് റാന്നി നിവാസികൾ.
സുരക്ഷിത സ്ഥലത്തേക്കു മാറ്റിയ സാധനങ്ങള്‍ മഴ മാറിയെന്നുറപ്പിക്കാതെ തിരികെ കൊണ്ടുവരാന്‍ പലരും മടിക്കുകയാണ്. മുന്‍ പ്രളയങ്ങളില്‍ നഷ്ടം സംഭവിച്ചവരാണിതില്‍ പലരും. 2018-19ലെ പ്രളയത്തിന് ശേഷം കോവിഡുമൂലം ദീര്‍ഘകാലം അടച്ചിട്ട സ്ഥാപനങ്ങള്‍ പലതും തുറന്നു പ്രവര്‍ത്തിച്ചു വരവെയാണ് വീണ്ടുമൊരു ദുരന്തം കൂടിയെത്തിയത്.