പത്തനംതിട്ട : ട്രാഫിക് പോലീസിനെക്കൊണ്ട് പൊറുതിമുട്ടി പത്തനംതിട്ട നഗരത്തിലെ വ്യാപാരികള്‍. കടയുടെ മുമ്പില്‍ വണ്ടി ഒന്ന് നിര്‍ത്തിയാല്‍ പെറ്റിയടിക്കാന്‍ ഓടിയടുക്കുകയാണ് കാക്കിധാരികള്‍. എല്ലാ ഏമാന്മാരും മൊബൈല്‍ ക്യാമറയും തൂക്കി നടപ്പാണ്. പോരാത്തതിന് പോലീസ് ജീപ്പില്‍ മൂന്നും നാലും മൊബൈല്‍ ക്യാമറകള്‍ വിവിധ വശങ്ങളിലേക്ക് തുറന്നുവെച്ച് ഇരകളെ കണ്ടെത്തി ഫോട്ടോ എടുത്ത് സര്‍ക്കാരിന് നല്‍കി പെറ്റി അടിപ്പിച്ച് ആ തുക ശമ്പളമായി കൈപ്പറ്റാന്‍ വ്യഗ്രതകാണിക്കുന്ന പോലീസ്. മാനുഷിക പരിഗണന എന്തെന്ന് തിരിച്ചറിയാത്ത ചിലര്‍ നിയമത്തെക്കുറിച്ച് നാക്കിട്ടടിക്കും. എന്നാല്‍ ഈ നിയമങ്ങള്‍ പറയാന്‍ ഇവര്‍ക്ക് എല്ലാവരുടെയും മുമ്പില്‍ കഴിയില്ല. ഹെല്‍മെറ്റോ സീറ്റ് ബെല്‍റ്റോ ഇല്ലാതെ ആരെങ്കിലും പോയാല്‍ അവന്റെമേലെ മെക്കിട്ടുകയറുന്ന പോലീസ് വിവിധ പാര്‍ട്ടികള്‍ നടത്തുന്ന പ്രകടനങ്ങളില്‍ പരസ്യമായി കാണിക്കുന്ന നിയമവിരുദ്ധ നടപടികള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയെന്നു പറഞ്ഞ് നടപ്പിലാക്കുവാന്‍ ഇറങ്ങുന്ന സാറന്മാര്‍ക്ക് ഒരു കാര്യത്തില്‍ വകതിരിവുണ്ട്, നിയമവും ചട്ടങ്ങളും പറഞ്ഞാല്‍ പേടിക്കുന്നവരോട് മാത്രമേ അത് പാടുള്ളൂ. അല്ലാത്തവരോട് പറഞ്ഞാല്‍ എന്താണെന്ന് ഇവര്‍ക്ക് നന്നായി അറിയാം. റോഡിലെ വരയും നിയമങ്ങളും കൃത്യമായി പാലിക്കേണ്ടതു തന്നെയാണ്. എന്നാല്‍ ജനത്തിന് അതിനെക്കുറിച്ച് അവബോധം നല്‍കണം. എന്നാല്‍ ഇതിനൊന്നും തയ്യാറാകാതെ മൊബൈലില്‍ ഫോട്ടോയെടുത്ത് അത് തങ്ങളുടെ വകുപ്പിന് നല്‍കി ടാര്‍ജറ്റ് തികക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് ചില ഉദ്യോഗസ്ഥര്‍. റോഡിലെ വരയില്‍ വണ്ടിയുടെ ടയര്‍ മുട്ടിയാല്‍ പോട്ടം പിടിച്ച് പെറ്റിയാക്കും. ഇട്ടിരിക്കുന്ന യൂണിഫോമിന്റെ വിലയില്‍ ഊറ്റം കൊള്ളുകയാണ് പലരും.
എവിടെയാണ് പാര്‍ക്കിംഗ്, എവിടെയാണ് നോ പാര്‍ക്കിംഗ് എന്ന് ആര്‍ക്കും അറിയില്ല. പലയിടത്തും ബോര്‍ഡുകള്‍ ഇല്ല. കാക്കിയിട്ട എമ്മാന്‍ പറയുന്നിടം നോ പാര്‍ക്കിംഗ് ആയി മാറുകയാണ് പത്തനംതിട്ടയില്‍. നഗരസഭ ഭരിക്കുന്നത് എല്‍.ഡി.എഫ് ആണ്. എന്നാല്‍ നഗരത്തിലെ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഇവര്‍ തയ്യാറല്ല. പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും കയറൂരിവിട്ട് നഗരത്തിലെ വ്യാപാരികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണോ എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭയെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അതില്‍ കുറ്റംപറയാന്‍ ആര്‍ക്കും കഴിയില്ല.